ന്യൂഡൽഹി: മോദി സർക്കാരിന് കീഴിൽ ജനാധിപത്യം ഏറ്റവും വലിയ ആപത്ത് നേരിടുന്ന ഈ ഘട്ടത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സമൂഹ മാദ്ധ്യമങ്ങളിൽ മാത്രമൊതുങ്ങാതെ ജനങ്ങളിലേക്ക് ഇറങ്ങി പൊരുതണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആഹ്വാനം ചെയ്തു.
കോൺഗ്രസ് ആസ്ഥാനത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർ, സംസ്ഥാന അദ്ധ്യക്ഷന്മാർ, നിയമസഭാകക്ഷി നേതാക്കൾ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ.
ഏറ്റവും അപകടകരമായ രീതിയിലാണ് ബി.ജെ.പി. സർക്കാർ ജനവിധി ദുരുപയോഗം ചെയ്യുന്നത്. . ഇതിനെ കോൺഗ്രസ് ഭയമില്ലാതെ നേരിടണം. ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിച്ച് ഗ്രാമ നഗര ഭേദമില്ലാതെ പോരാടണം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. കോൺഗ്രസ് പ്രക്ഷോഭ അജൻഡ രൂപീകരിച്ച്. മോദി സർക്കാരിനെ തുറന്നു കാട്ടണം. ഗാന്ധിജിയും പട്ടേലും അംബേദ്കറും ഉൾപ്പെടെയുള്ളവരുടെ സന്ദേശങ്ങൾ മോദി സർക്കാർ തെറ്റായി പ്രചരിപ്പിക്കുകയാണ്. കോൺഗ്രസ് വിട്ടവർ അവസരവാദികളാണെന്നും സോണിയ പറഞ്ഞു.
. സോണിയ ഇടക്കാല അദ്ധ്യക്ഷയായ ശേഷമുള്ള ആദ്യ നേതൃയോഗത്തിൽ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്തില്ല. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ എന്നിവരും എത്തിയില്ല. പാലാ ഉപതിരഞ്ഞെടുപ്പായതിനാൽ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമില്ലായിരുന്നു. . കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ചത്.
അഞ്ചു ജില്ലകൾക്ക് മൂന്ന് സംയോജകർ
പാർട്ടിയുടെ അടിത്തറ എല്ലാ സംസ്ഥാനങ്ങളിലും ദുർബലമാണെന്ന റിപ്പോർട്ടുകൾ പരിഗണിച്ച് ചില നിർണായക തീരുമാനങ്ങളും സോണിയ യോഗത്തിൽ അവതരിപ്പിച്ചു.
ജനങ്ങളുടെ പൾസ് മനസിലാക്കാനും ബന്ധം മെച്ചപ്പെടുത്താനും അഞ്ചു ജില്ലകൾ ഉൾക്കൊള്ളുന്ന ഡിവിഷൻ രൂപീകരിച്ച് മൂന്നു വിതം സംയോജക്മാരെ നിയമിക്കും. പൂർണസമയ പ്രവർത്തകരായിരിക്കും ഇവർ. ഒരു വനിതയും പിന്നാക്ക വിഭാഗത്തിലെഒരു നേതാവും ഉണ്ടാകും. സംസ്ഥാന നേതൃത്വം സംയോജക്മാരെ കണ്ടെത്തി ഹൈക്കമാൻഡിന് പട്ടിക നൽകണം. ഇവർക്ക് ഒരാഴ്ച നീളുന്ന പരിശീലനം നൽകും.
ഡി.സി.സികൾ കേന്ദ്രീകരിച്ച് സംസ്ഥാന ദേശീയ വിഷയങ്ങളിൽ എല്ലാ മാസവും ചർച്ചകൾ സംഘടിപ്പിക്കും. ആർ.എസ്.എസ് മാതൃകയിൽ പൂർണസമയ പ്രേരക്മാരെ നിയമിക്കണമെന്ന് സെപ്തംബർ മൂന്നിന് ഡൽഹിയിൽ നടന്ന ശില്പശാലയിലാണ് നിർദ്ദേശമുയർന്നത്. പ്രചാരക് എന്ന പേരുമായുള്ള സാമ്യവും തെറ്റിദ്ധാരണയും കാരണം സംയോജക് എന്നാക്കുകയായിരുന്നു.
അടിയന്തര
കർമ്മപദ്ധതി
ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരണത്തിന് ഒക്ടോബർ 2ന് പദ യാത്ര
അംഗത്വ വിതരണ കാമ്പെയിൻ ഒക്ടോബറിൽ. എല്ലാ നേതാക്കളും വീടുകൾ കയറണം.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിന് ഇന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാരുമായി സോണിയ ഗാന്ധിയുടെ കൂടിക്കാഴ്ച
സാമ്പത്തിക മാന്ദ്യം തുറന്നുകാട്ടാൻ ഒക്ടോബർ 15നും 25നുമിടയിൽ ദേശവ്യാപക പരിപാടികൾ.