kejriwal-

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി ഡൽഹി സർക്കാർ നടപ്പാക്കിയ ഒറ്റ,ഇരട്ട അക്ക ഗതാഗതനിയന്ത്രണം വീണ്ടും കൊണ്ടുവരുന്നു. നവംബർ നാല് മുതൽ 15 വരെയായിരിക്കും നിയന്ത്രണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാറുകളുടെ ലൈസൻസ് പ്ലേറ്റിലെ നമ്പറിന്റെ അവസാന അക്കത്തെ ആധാരമാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുക. ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പറുകൾക്കും ഇരട്ട അക്കത്തിൽ അവസാനിക്കുന്ന നമ്പറുകൾക്കും ഒരേദിവസം നിരത്തിലിറങ്ങാനാകില്ല. ആഴ്ചാവസാനങ്ങളിൽ എല്ലാ കാറുകൾക്കും പുറത്തിറങ്ങാം. സ്ത്രീകൾക്കും വി.ഐ.പികൾക്കും ഇരുചക്രവാഹനങ്ങൾക്കും നേരത്തെ ഇളവ് നൽകിയിരുന്നു. എന്നാൽ വീണ്ടും നടപ്പിലാക്കുമ്പോൾ എന്തെങ്കിലും ഇളവ് നൽകുമോയെന്ന കാര്യം കേജ്‌രിവാൾ വ്യക്തമാക്കിയിട്ടില്ല.

അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് രക്ഷനേടുന്നതിന് മാസ്‌ക്കുകൾ വിതരണം ചെയ്യുക, ചെടികൾ നട്ടപിടിപ്പിക്കുക തുടങ്ങിയ പദ്ധതികളും നടപ്പിലാക്കുമെന്ന് കെജ്രിവാൾ അറിയിച്ചു. ഒക്ടോബർ മാസം മുതൽ സൗജന്യമായി മാസ്‌ക്കുകൾ വിതരണം ചെയ്യും.ദീപാവലിക്ക് കരിമരുന്ന് അടങ്ങിയ പടക്കങ്ങൾ പൊട്ടിക്കരുതെന്നും കേജ്‌രിവാൾ അറിയിച്ചിട്ടുണ്ട്.

2016ലാണ് ഓഡ് ഈവൻ പദ്ധതി കേജ്‌രിവാൾ സർക്കാർ ആദ്യം നടപ്പിലാക്കിയത്. ഇത് മൂന്നാം വർഷമാണ് പദ്ധതി നടപ്പിലാക്കുന്നത്. ചട്ടം ലംഘിക്കുന്നവരിൽ നിന്ന് 2000 രൂപയാണ് പിഴ ഈടാക്കിയിരുന്നത്.നടപ്പാക്കിയ ഘട്ടങ്ങളിലെല്ലാം കടുത്ത വിമർശനമേറ്റു വാങ്ങിയ പദ്ധതി കൂടിയാണിത്. പദ്ധതിയോട് പ്രതിഷേധിച്ച് ബി.ജെ.പി എം.പിയായ രാം പ്രസാദ് ശർമ്മ കുതിരപ്പുറത്ത് പാർലമെന്റിലെത്തിയ സംഭവം കഴിഞ്ഞ വർഷം നടന്നിരുന്നു. അന്ന് ബി.ജെ.പി എം.പിയായിരുന്ന പരേഷ് റാവൽ ഈ ഉത്തരവ് ലംഘിക്കുകയുമുണ്ടായി. വിമർശനമുയർന്നതോടെ അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു.

 ''ഡൽഹിയിൽ ഓഡ് - ഈവൻ പദ്ധതി നടപ്പിലാക്കേണ്ട ആവശ്യം നിലവിലില്ല.പുത്തൻ ഗതാഗത പരിഷ്കാരങ്ങളും റോഡ് നി‌‌ർമ്മാണവും ഡൽഹിയിലെ മലിനീകരണം കുറിച്ചിട്ടുണ്ട്.യമുന ശുചീകരണം അടക്കം നടക്കുന്നതിനാൽ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞിട്ടുണ്ട്." -

നിതിൻ ഗഡ്കരി

കേന്ദ്ര ഗതാഗത മന്ത്രി