ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കീഴടങ്ങാൻ ചിദംബരം നൽകിയ അപേക്ഷ ഡൽഹി റോസ്അവന്യു സി.ബി.ഐ പ്രത്യേക കോടതി തള്ളി. ഇതോടെ സെപ്തംബർ 19 വരെ ചിദംബരം ജുഡിഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ തുടരും.
പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്ന് അന്വേഷണ ഏജൻസിയെ നിർബന്ധിക്കാനാകില്ലെന്ന് സ്പെഷ്യൽ ജഡ്ജി അജയ്കുമാർ കുഹാർ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കലിലെ മറ്റുചില വശങ്ങളിൽ കൂടി അന്വേഷണം പൂർത്തിയാക്കിയശേഷം മാത്രമേ ചിദംബരത്തിന്റെ കസ്റ്റഡി ആവശ്യമുള്ളൂവെന്ന ഇ.ഡിയുടെ വാദം കോടതി അംഗീകരിച്ചു.
ഐ.എൻ.എക്സ് മീഡിയ ഇടപാടിലെ ക്രമക്കേടിന് സി.ബി.ഐ എടുത്ത കേസിൽ 15 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ ചിദംബരത്തെ സെപ്തംബർ 5നാണ് ജുഡിഷ്യൽ കസ്റ്റഡിയിൽ ഈ മാസം 19 വരെ തിഹാർ ജയിലിൽ അടച്ചത്. അന്ന് തന്നെ ഇ.ഡി കേസിൽ മുൻകൂർ ജാമ്യം സുപ്രീംകോടതി നിഷേധിച്ചതോടെ ഈ കേസിൽ കീഴടങ്ങി തിഹാർ ഒഴിവാക്കാൻ ചിദംബരം ശ്രമിച്ചെങ്കിലും ഇ.ഡി കസ്റ്റഡിയിലെടുക്കാത്തതിനാൽ പാളുകയായിരുന്നു. തുടർന്നാണ് ചിദംബരം കീഴടങ്ങൽ അപേക്ഷ നൽകിയത്. ഇത് അനുവദിച്ചിരുന്നെങ്കിൽ തിഹാറിൽ നിന്ന് ഇ.ഡി കസ്റ്റഡിയിൽ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറാൻ കഴിയും. എന്നാൽ കീഴടങ്ങൽ അപേക്ഷയും തള്ളിയതോടെ തിഹാർ ഒഴിവാക്കാനുള്ള ചിദംബരത്തിന്റെ ശ്രമമാണ് വീണ്ടും പാളിയത്.