ന്യൂഡൽഹി: മോട്ടോർവാഹന നിയമ ഭേദഗതിയിലെ കനത്ത പിഴയ്‌ക്കെതിരെ എതിർപ്പ് രൂക്ഷമായതോടെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഇക്കാര്യം ചർച്ച ചെയ്യും. നിയമം അതേപടി നടപ്പാക്കുന്നതിൽ എതിർപ്പ് അറിയിച്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് നിയമത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താനാണ് മന്ത്രി നിതിൻ ഗഡ്കരിയുടെ തീരുമാനം.
ഹരിയാന, ബീഹാർ സംസ്ഥാനങ്ങൾ നിയമം നടപ്പിലാക്കിയെങ്കിലും ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പോലും പകുതി പിഴത്തുക ഈടാക്കിയാൽ മതിയെന്ന അഭിപ്രായത്തിലാണ്. കേരളവും നിയമം തൽക്കാലം കർശനമാക്കേണ്ടെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രം അനുനയ ശ്രമത്തിനൊരുങ്ങുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചർച്ചയോടെ എതിർപ്പുകൾ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗഡ്കരി പറഞ്ഞു. പിഴ കുറയ്ക്കാനുള്ള ഗുജറാത്തിന്റെയും ഉത്തരാഖണ്ഡിന്റെയും തീരുമാനത്തിലും ഗഡ്കരിക്ക് അതൃപ്തിയുണ്ട്. ഗഡ്കരിയുടെ നിലപാടിനെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പിന്തുണച്ചു.
.