ന്യൂഡൽഹി: സോഷ്യൽ മീഡിയ അക്കൗണ്ടുകളും ആധാറും ബന്ധിപ്പിക്കുന്നതിൽ മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കുമോയെന്ന് അറിയിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
മദ്രാസ്, ബോംബെ, മദ്ധ്യപ്രദേശ് ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ ആവശ്യം പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ്‌മാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് കേന്ദ്രത്തിന്റെ നിലപാട് തേടിയത്.
എത്രയും വേഗം തീരുമാനിക്കേണ്ട വിഷയമാണിത്. ഹർജികൾ മാറ്റുന്നത് മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നും കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹർജി സെപ്തംബർ 24ന് വീണ്ടും പരിഗണിക്കും. ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
സമൂഹമാദ്ധ്യമ അക്കൗണ്ടുകൾക്ക് ആധാർ നമ്പറോ, സർക്കാർ അംഗീകൃത തിരിച്ചറിയിൽ രേഖയോ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയാണ് മദ്രാസ് ഹൈക്കോടതിയിലുള്ളത്. ഈ ഹർജിയിൽ അന്തിമ വിധി പറയുന്നത് സുപ്രീംകോടതി നേരത്തെ വിലക്കിയിരുന്നു. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ആധാർ നമ്പരുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്നാട് സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയിൽ പറഞ്ഞിരുന്നു. അപകീർത്തികരവും ദേശവിരുദ്ധവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയാൻ ഇത് സഹായിക്കുമെന്നുമാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്.