ന്യൂഡൽഹി: ഇ.പി.എഫ്. സ്കീം മാതൃകയിൽ ആനുകൂല്യങ്ങൾക്ക് ശമ്പളപരിധി നിശ്ചയിച്ച് എല്ലാ തൊഴിലാളികൾക്കും ഇ.എസ്.ഐ. പ്രകാരമുള്ള ചികിത്സാനുകൂല്യങ്ങൾ നൽകാൻ തീരുമാനം. കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗംഗവാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇ.എസ്.ഐ. ബോർഡ് യോഗം ഇക്കാര്യത്തിൽ വിശദറിപ്പോർട്ട് നൽകാൻ പ്രത്യേക ഉപസമതിയെ നിയോഗിച്ചു. മാസം 50,000 രൂപവരെ ശമ്പളമുള്ള വനിതകൾക്കും ഇനി ഇ.എസ്.ഐ. ചികിത്സാ ആനുകൂല്യം ലഭിക്കും.സ്ത്രീത്തൊഴിലാളികൾക്കും ജീവനക്കാർക്കും ഇ.എസ്.ഐ. പരിധി 21,000 രൂപയിൽനിന്ന് 50,000 രൂപ ആക്കാനുള്ള നിർദേശം യോഗം തത്ത്വത്തിൽ അംഗീകരിച്ചു. മൂന്നേകാൽ കോടി ഇ.എസ്.ഐ. വരിക്കാരിൽ സ്ത്രീകളുടെ എണ്ണം 52 ലക്ഷമേയുള്ളൂ. ഇ.എസ്.ഐ. പദ്ധതിയിൽ നിലവിൽ 16 % മാത്രമാണു സ്ത്രീ പങ്കാളിത്തം. ഇതു വർദ്ധിപ്പിക്കാനാണ് ശമ്പളപരിധി കൂട്ടുന്നത്.ഈ നിർദേശത്തിന്റെ ചർച്ചയ്ക്കിടയിലാണ് ലിംഗഭേദമില്ലാതെ എല്ലാവർക്കും ആനൂകൂല്യം ലഭിക്കാൻ ശമ്പളപരിധി നിശ്ചയിക്കണമെന്ന ആവശ്യം ഉയർന്നത്.
പ്രസാവനുകൂല്യത്തിന് തുല്യമായ ആറുമാസത്തെ അവധി സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയിൽ കഴിയുന്നവർക്കും നൽകണമെന്ന ശുപാർശയും ഉപസമിതി പരിശോധിക്കും.