amit-shah-hindi

ന്യൂഡൽഹി: ലോകത്തിന് മുന്നിൽ ഇന്ത്യയെ അടയാളപ്പെടുത്താൻ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഹിന്ദി ഭാഷയ്‌ക്ക് രാജ്യത്തെ ഒരുമിച്ച് നിറുത്താനാവുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ഇന്നലെ ഹിന്ദി ദിനാചരണവുമായി ബന്ധപ്പെട്ട് 'ഒരു രാജ്യം ഒരു ഭാഷ' എന്ന മുദ്രാവാക്യം ഉയർത്തിയുള്ള ഷായുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ഡി.എം.കെ നേതാവ് സ്റ്റാലിൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി നിരവധിപേർ അമിത് ഷായ്‌ക്കെതിരെ രംഗത്ത് വന്നു

'ഇന്ത്യ വിവിധ ഭാഷകളുടെ നാടാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് ഇന്ത്യയെ ഐക്യപ്പെടുത്താൻ കഴിയും. ഹിന്ദി പ്രാഥമിക ഭാഷയാക്കണം'- ഷാ ട്വിറ്രറിൽ കുറിച്ചു.

ഡൽഹിയിൽ ന‌ടന്ന ചടങ്ങിൽ സംസാരിക്കവേ, ഹിന്ദി വ്യാപകമായി ഉപയോഗിക്കണമെന്ന് രാജ്യത്തെ എല്ലാ പൗരൻമാരോടും ഷാ അഭ്യർത്ഥിച്ചു. ഹിന്ദിയെ പ്രോത്സാഹിപ്പിക്കാൻ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് വരണം. വിദ്യാർത്ഥികളോട് ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെടണം. ഇംഗ്ളീഷ് വാക്കിന് പകരം ഹിന്ദി ഉപയോഗിക്കുന്നവർക്ക് ഒരു മാർക്ക് അധികം നൽകണം. 2024ലെ തിരഞ്ഞെടുപ്പിന് രാജ്യം തയ്യാറെടുക്കുമ്പോഴേക്കും ഹിന്ദി അതുല്യമായ സ്ഥാനം നേടിയിരിക്കും"- അമിത് ഷാ വ്യക്തമാക്കി.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയിൽ എല്ലാ സ്‌കൂളുകളിലും ഹിന്ദി നിർബന്ധമായി പഠിപ്പിക്കണമെന്ന നിർദ്ദേശം ദക്ഷിണേന്ത്യയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായി. തുടർന്ന് മാനവവിഭവശേഷി മന്ത്രാലയത്തിന് കരട് രേഖ മാറ്റേണ്ടി വന്നു.

വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണം. ഹിന്ദി രാജ്യവ്യാപകമാക്കാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടുപോയില്ലെങ്കിൽ ജനാധിപത്യപരമായി ഡി.എം.കെ പ്രതിഷേധിക്കും. ഈ രാജ്യം ഇന്ത്യ ആണ്. ഹിന്ദ്യ അല്ല

എം.കെ. സ്റ്റാലിൻ, ഡി.എം.കെ നേതാവ്

എല്ലാ ഭാഷകളെയും സംസ്‌കാരങ്ങളെയും തുല്യമായി ബഹുമാനിക്കണം. നമ്മൾ ഒരുപാട് ഭാഷകൾ പഠിച്ചേക്കാം. എന്നാലും മാതൃഭാഷ മറക്കരുത്.

മമതാ ബാനർജി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി

വൈവിദ്ധ്യങ്ങൾ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമിത് ഷായുടെ പ്രസ്താവന. ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണിത്.

സീതാറാം യെച്ചൂരി,

സി.പി.എം ജനറൽ സെക്രട്ടറി