ന്യൂഡൽഹി :ഇന്ത്യയിലെ ഏറ്റവും മികച്ച 10 സർക്കാർ സ്‌കൂളുകളിൽ നാലെണ്ണം കേരളത്തിൽ നിന്നാണ്. അതിൽ രണ്ടെണ്ണം ആദ്യ അഞ്ചിൽ ഇടം പിടിച്ചു.
സംസ്ഥാന സിലബസ് ഉള്ള കോഴിക്കോട് നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് രണ്ടാം സ്ഥാനത്തും തിരുവനന്തപുരം പട്ടത്തുള്ള കേന്ദ്രീയ വിദ്യാലയം നാലാം സ്ഥാനത്തും. മറ്റ് മൂന്ന് സ്‌കൂളുകൾ ഡൽഹിയിലേതാണ്. തൃശൂർ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയം, കണ്ണൂർ കെൽട്രോൺ നഗർ കേന്ദ്രീയ വിദ്യാലയം എന്നിവ ഒൻപതും പത്തും സ്ഥാനം നേടി.
2019 - 20ലുള്ള എഡ്യുക്കേഷൻ വേൾഡ് സ്‌കൂൾ റാങ്കിംഗിൽ ഒന്നാം സ്ഥാനം ന്യൂഡൽഹിയിലെ ദ്വാരക സെക്ടർ 10ലുള്ള രാജകീയ പ്രതിഭ വികാസ് വിദ്യാലയത്തിനാണ്. മൂന്നാം സ്ഥാനം ഐ.ഐ.ടി. മദ്രാസിലെ കേന്ദ്രീയ വിദ്യാലയയും സ്വന്തമാക്കി. ബോംബെ ഐ.ഐ.ടിയുടെ കീഴിലുള്ള കേന്ദ്രീയ വിദ്യാലയ അഞ്ചാം സ്ഥാനത്തും എത്തി.
മികച്ച പത്ത് ബോർഡിംഗ് സ്കൂളുകളുടെ പട്ടികയിൽ ചെന്നിത്തല ജവഹർ നവോദയ വിദ്യാലയം മൂന്നാം സ്ഥാനവും കണ്ണൂർ ചെന്തയാട് ജവഹർ നവോദയ വിദ്യാലയം അഞ്ചാം സ്ഥാനവും നേടി.
ഡേ കം ബോർഡിംഗ് സ്കൂളുകളുടെ പട്ടികയിൽ കോട്ടയം പള്ളിക്കൂടം ഒൻപതാം സ്ഥാനവും കോഴിക്കോട് സദ്ഭാവന വേൾഡ് സ്കൂൾ പത്താം സ്ഥാനവും നേടി. വിദ്യാഭ്യാസം, കുട്ടികളുടെ പഠനനിലവാരം, സ്‌കൂളിന്റെ പ്രവർത്തനം തുടങ്ങി 14 മാനദണ്ഡങ്ങളാണ് റാങ്കിംഗിന് പരിഗണിച്ചത്.