ന്യൂഡൽഹി: പ്രതിരോധ, ആഭ്യന്തര സുരക്ഷയുടെ പേരിൽ സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറക്കാനുള്ള നീക്കമാണ് 15-ാം ധനകാര്യ കമ്മിഷനിലൂടെ മോദി സർക്കാർ നടപ്പാക്കാൻ പോകുന്നതെന്ന് സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു.
പ്രതിരോധത്തിനും ആഭ്യന്തര സുരക്ഷയ്ക്കും ഫണ്ട് അനുവദിക്കുന്നത് ധനകാര്യ കമ്മിഷെന്റ പരിഗണനാവിഷയമാക്കിയ കേന്ദ്ര നടപടി ഇതിന്റ ഭാഗമാണ്. കേന്ദ്ര തീരുമാനങ്ങൾ സംസ്ഥാനങ്ങളെ അടിച്ചേൽപ്പിക്കാൻ ധനകാര്യ കമ്മിഷനെ ഉപയോഗിക്കുകയാണെന്നും മന്ത്രി ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ പങ്ക് വയ്ക്കേണ്ട നികുതി മറ്റൊരാവശ്യത്തിനായി മാറ്റുന്നത് ഭരണഘടനാവിരുദ്ധമാണ്. പ്രതിരോധാവശ്യത്തിന് വേണമെങ്കിൽ കേന്ദ്ര സ വിഹിതത്തിൽനിന്ന് പങ്കുവക്കാൻ കമ്മിഷന് ശുപാർശ ചെയ്യാം. ഇതിനു വിരുദ്ധമായ നടപടിയുണ്ടായാൽ അതിനെതിരെ കോടതിയെ സമീപിക്കും.
15ാം ധനകാര്യ കമ്മിഷന്റ പരിഗണനാവിഷയങ്ങൾ നിശ്ചയിച്ചത് മുതൽ വ്യാപകമായ എതിർപ്പ് ഉയർന്നിരുന്നു. ഇതേ തുടർന്ന് കേരളം മുൻകൈയെടുത്ത് തിരുവനന്തപുരത്തും വിജയവാഡയിലുമായി ധനമന്ത്രിമാരുടെ സമ്മേളനം നടത്തി. തുടർന്ന് രാഷ്ട്രപതിക്ക് സംയുക്ത നിവേദനം നൽകി.വിവിധ ഭാഗങ്ങളിൽനിന്നുള്ള എതിർപ്പുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ 42 ശതമാനം നികുതി വിഹിതം കുറയ്ക്കൽ അംഗീകരിക്കാനാവില്ലെന്ന് പൊതു ധാരണയുണ്ടായി. എന്നാൽ, പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കേന്ദ്രം വീണ്ടും പഴയ നിലപാടിലെത്തി - തോമസ് ഐസ്‌ക് പറഞ്ഞു.