kasmir-

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ സ്ഥിതി സാധാരണ നിലയിലാക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേന്ദ്ര സർക്കാരിനോടും ജമ്മുകാശ്മീർ ഭരണകൂടത്തോടും സുപ്രീംകോടതി നിർദ്ദേശിച്ചു. ദേശീയ താത്പര്യം പരിഗണിച്ചായിരിക്കണം നിയന്ത്രണങ്ങൾ നീക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എസ്. അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.സെപ്തംബർ 30ന് ഹർജികൾ വീണ്ടും പരിഗണിക്കും.

സ്ഥിതി സാധാരണ നിലയിലാക്കാൻ ഇതുവരെയെടുത്ത നടപടികൾ വിശദമാക്കി കേന്ദ്രം സത്യവാങ്മൂലം നൽകണം. മൊബൈൽ, ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട പരാതികൾ ജമ്മുകാശ്മീർ ഹൈക്കോടതി പരിഗണിക്കുന്നതാണ് ഉചിതം. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് കുറച്ചുകൂടി വ്യക്തമായി അറിയാൻ ഹൈക്കോടതിക്കാണ് സാധിക്കുകയെന്നും ബെഞ്ച് നിരീക്ഷിച്ചു. പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ജമ്മുകാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി കാശ്മീർ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റർ അനുരാധ ബാസിൻ അടക്കമുള്ളവർ നൽകിയ ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. മൊബൈലും ഇന്റർനെറ്റും പൊതുഗതാഗത സംവിധാനവും പ്രവർത്തിക്കാത്തതിനാൽ ഹൈക്കോടതിയെ സമീപിക്കുന്നത് പ്രയാസകരമാണെന്ന് അനുരാധയ്ക്ക് വേണ്ടി അഭിഭാഷക വൃന്ദഗ്രോവർ ചൂണ്ടിക്കാട്ടി.

കോടതിയിൽ സമർപ്പിക്കപ്പെടുന്ന പല കാര്യങ്ങളും തെറ്റാണെന്ന് കേന്ദ്രം വാദിച്ചു. കാശ്മീർ മേഖലയിലെ 105 പൊലീസ് സ്റ്റേഷനുകൾക്ക് കീഴിലെ 93ലും നിയന്ത്രണങ്ങൾ നീക്കി. ജമ്മുവിലും ലഡാക്കിലും പൂർണമായും നിയന്ത്രണങ്ങൾ നീക്കി. മരുന്നുകൾ ലഭിക്കുന്നില്ലെന്നതും ശരിയല്ല. മൂന്നുമാസത്തേക്കുള്ള അത്യാവശ്യ മരുന്നുകൾ സ്റ്റോക്കുണ്ട്. ആഗസ്റ്റ് 5 മുതൽ സെപ്തംബർ 15 വരെ 10.52 ലക്ഷം പേർ വിവിധ ആശുപത്രികളിലെ ഒ.പി.ഡികളിൽ ചികിത്സ തേടി.

തുടർന്ന്, ഇപ്പോൾ നിങ്ങളെ വിശ്വസിക്കുകയാണെന്നു പറഞ്ഞ കോടതി സ്ഥിതി സാധാരണനിലയിലാക്കാൻ എടുത്ത നടപടികൾ വിശദമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

 മാദ്ധ്യമ നിയന്ത്രണമില്ല

കാശ്മീരിൽ മാദ്ധ്യമ നിയന്ത്രണമുണ്ടെന്ന അനുരാധി ബാസിന്റെ വാദങ്ങളെ കേന്ദ്രസർക്കാർ തള്ളി. ഇത്തരം പരാതികൾ തെറ്റാണെന്നും കാശ്മീരിൽ നിരവധി പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ശ്രീനഗറിൽ മീഡിയ സെന്റർ സ്ഥാപിച്ചു. രാവിലെ 8 മുതൽ രാത്രി 11 വരെ റിപ്പോർട്ടർമാർക്കായി ഇന്റർനെറ്റ്, ഫോൺ സൗകര്യം ലഭ്യമാക്കി. മാദ്ധ്യമപ്രവർത്തകർക്ക് സഞ്ചരിക്കാൻ പാസും നൽകി.

 ആഗസ്റ്റ് 5ന് ശേഷം വെടിവയ്പില്ല

പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് 5ന് ശേഷം ഒരു വെടിവയ്പ് പോലും നടന്നിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വിഘടനവാദികൾ, അതിർത്തി കടന്നുള്ള ഭീകരവാദികൾ, വിദേശധനസഹായം ലഭിക്കുന്ന പ്രാദേശിക ഭീകരവാദികൾ എന്നിങ്ങനെ മൂന്ന് തല ആക്രമണമാണ് സംസ്ഥാന ഭരണകൂടം നേരിടുന്നത്. 1990 മുതൽ ഈവർഷം ആഗസ്റ്റ് 5 വരെ 71,038 സംഭവങ്ങളിലായി 41,866 ജീവനുകളാണ് ഭീകരാക്രമണങ്ങളിൽ സംസ്ഥാനത്ത് നഷ്ടമായത്. ഇതിൽ 5,292 പേരും സുരക്ഷാ ജീവനക്കാരാണ്.

 സാധാരണ ജീവിതം പുനഃസ്ഥാപിക്കണം - ദേശതാത്പര്യത്തെയും ആഭ്യന്തര സുരക്ഷയെയും ബാധിക്കാത്ത വിധത്തിൽ കാശ്മീരിൽ സാധാരണജീവിതം ഉറപ്പാക്കാൻ എല്ലാ ശ്രമവും നടത്തണം - ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ,മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലെ സാധാരണനില പുനഃസ്ഥാപിക്കണം - പൊതുഗതാഗത സംവിധാനങ്ങൾ സാധാരണനിലയിൽ പ്രവർത്തിക്കണം, സർവീസ് നടത്തണം - ദേശസുരക്ഷയെ ബാധിക്കാത്ത എല്ലാ ആശയവിനിമയ ഉപാധികളും പൂർവസ്ഥിതിയിലാക്കണം. പ്രത്യേകിച്ചും ആരോഗ്യ പരിപാലന മേഖലയിൽ.