ranjan-gogoi
Ranjan Gogoi

ന്യൂഡൽഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് ജനങ്ങൾക്ക് ജമ്മുകാശ്മീർ ഹൈക്കോടതിയെ സമീപിക്കാൻ കഴിയുന്നില്ലെന്ന ആരോപണം ഗൗരവമായി പരിശോധിക്കുമെന്ന് സുപ്രീംകോടതി. വിഷയത്തിൽ എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ജമ്മുകാശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തലിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു.

ഇത് അത്യന്തം ഗൗരവതരമായ പരാതിയാണ്. നിർബന്ധമായും പരിശോധിക്കും. ഞാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിക്കും. ആവശ്യമെങ്കിൽ നേരിട്ട് കാശ്മീരിലെത്തുമെന്നും കാശ്മീരിലെ കുട്ടികളുടെ അവകാശ നിഷേധവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വാക്കാൽ പറഞ്ഞു.

എന്തുകൊണ്ട് ഹൈക്കോടതിയിൽ ഹർജി നൽകിയില്ലെന്ന ചോദ്യത്തിന്, കാശ്മീരിലെ നിയന്ത്രണങ്ങളുടെ ഭാഗമായി ഹൈക്കോടതിയെ സമീപിക്കാനാകുന്നില്ലെന്ന് മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. അതേസമയം ആരോപണം തെറ്റാണെങ്കിൽ നടപടി നേരിടേണ്ടിവരുമെന്നും കോടതി സൂചിപ്പിച്ചു.
കാശ്മീരിലെ കുട്ടികളെ സുരക്ഷാ സേന നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുന്നുവെന്നും അവരുടെ സ്വാതന്ത്ര്യത്തിനും ജീവനും അപകടം സംഭവിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രമുഖ ബാലാവകാശ പ്രവർത്തക എനാക്ഷി ഗാംഗുലി, ദേശീയ ബാലാവകാശകമ്മിഷൻ മുൻ ചെയർപേഴ്സൺ പ്രൊഫ. ശാന്ത സിൻഹ എന്നിവരാണ് ഹർജി നൽകിയത്.