ന്യൂഡൽഹി: തനിക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് നടൻ ദിലീപിന് നൽകരുതെന്ന് അഭ്യർത്ഥിച്ച് ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയിൽ ഹർജി നൽകി. മെമ്മറി കാർഡിന്റെ പകർപ്പിനായി നടൻ ദിലീപ് നൽകിയ ഹർജിയിൽ കക്ഷിചേർക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ദൃശ്യങ്ങൾ ചോരാനും ദുരുപയോഗം ചെയ്യാനും സാദ്ധ്യതയുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഒട്ടേറെ സമ്മർദ്ദങ്ങൾ നേരിട്ടു. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും നടി അഭ്യർത്ഥിച്ചു. ഹർജിയിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. അപേക്ഷയോടൊപ്പം ചില രേഖകളും മുദ്രവച്ച കവറിൽ നൽകിയിട്ടുണ്ട്.

നടിയെ ആക്രമിക്കുമ്പോൾ ഓടുന്ന വാഹനത്തിൽ വച്ച് ഒന്നാം പ്രതി പൾസർ സുനി മൊബൈലിൽ പകർത്തിയതാണ് ദൃശ്യങ്ങളെന്നാണ് പൊലീസ് വാദം. മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ പകർപ്പ് വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം. മെമ്മറി കാർഡിന്റെ പകർപ്പ് നൽകിയാൻ ചോരാൻ സാദ്ധ്യതയുണ്ടെന്നും നൽകരുതെന്നുമാണ് സർക്കാർ നിലപാട്.