ന്യൂഡൽഹി: അയോദ്ധ്യ ബാബ്റി മസ്ജിദ് - രാമജന്മഭൂമി ഭൂമിതർക്കകേസിൽ സുപ്രീംകോടതി ഭരണഘടനാബെഞ്ചിൽ വാദം 24 ദിവസം പിന്നിട്ടിരിക്കെ, മദ്ധ്യസ്ഥ നടപടികൾ വീണ്ടും തുടങ്ങണമെന്ന ആവശ്യവുമായ പ്രധാനകക്ഷികളായ നിർമോഹി അഖാഡയും സുന്നിവഖഫ് ബോർഡും രംഗത്ത്. ജൂലായ് 29ന് അവസാനിപ്പിച്ച മദ്ധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കണമെന്ന് നിർമോഹി അഖാഡയും സുന്നിവഖഫ് ബോർഡും ആവശ്യപ്പെട്ടെന്ന് മൂന്നംഗ മദ്ധ്യസ്ഥ സമിതി സുപ്രീംകോടതിയെ അറിയിച്ചു. ഇപ്പോൾ നടക്കുന്ന വാദത്തോടൊപ്പം തന്നെ മദ്ധ്യസ്ഥ ശ്രമങ്ങളും തുടരണമെന്നാണ് ഇരുകക്ഷികളും ആവശ്യപ്പെട്ടതെന്നും സമിതി വ്യക്തമാക്കി.
ഹിന്ദു, മുസ്ലിം കക്ഷികൾ തമ്മിലുള്ള തർക്കം ശാശ്വതമായി പരിഹരിക്കാൻ സുപ്രീംകോടതി മുൻ ജസ്റ്റിസ് ഫക്കീർ മുഹമ്മദ് ഇബ്രാഹീം ഖലീഫുള്ള ചെയർമാനും ആത്മീയാചാര്യനും ആർട്ട് ഒഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകനും പ്രശസ്ത മദ്ധ്യസ്ഥനുമായ ശ്രീറാം പഞ്ചു എന്നിവരുമടങ്ങിയ മദ്ധ്യസ്ഥ സമിതിയെ മാർച്ച് എട്ടിനാണ് നിയോഗിച്ചത്. ജൂലായ് 31വരെയാണ് മദ്ധ്യസ്ഥത നടന്നത്. മദ്ധ്യസ്ഥ ശ്രമം പരാജയപ്പെട്ടതായി ആഗസ്റ്റ് മൂന്നിന് സുപ്രീംകോടതി വ്യക്തമാക്കി. മദ്ധ്യസ്ഥ ശ്രമങ്ങളിൽ പുരോഗതി ഇല്ലെന്നും കേസ് എത്രയും വേഗം പരിഗണിച്ച് തീർപ്പുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കക്ഷികളിലൊരാളായ ഗോപാൽസിംഗ് വിശാര നൽകിയ ഹർജി അനുവദിച്ചാണ് അന്തിമവാദത്തിലേക്ക് കടന്നത്. തുടർന്ന് തർക്കമുള്ള 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി വിഭജിച്ച അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെയുള്ള 14 അപ്പീലുകളിൽ ആഗസ്റ്റ് ആറുമുതൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ദൈനംദിനാടിസ്ഥാനത്തിൽ വാദം തുടങ്ങി. ഇതിനിടെയാണ് ഇരുഭാഗത്തെയും പ്രധാന കക്ഷികൾ മദ്ധ്യസ്ഥ ശ്രമം തുടരണമെന്ന ആവശ്യമുന്നയിച്ചത്.