പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സി.പി.എം സുപ്രീംകോടതിയിലേക്ക്
ന്യൂഡൽഹി:കാശ്‌മീർ ഇപ്പോൾ ജയിലാണെന്നും കടുത്ത നിയന്ത്രണങ്ങളിൽ ശ്വാസംമുട്ടുന്ന കാശ്‌മീരികൾ മരണത്തിലേക്ക് നീങ്ങുകയാണെന്നും ജമ്മുകാശ്‌മീരിലെ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞു. കേന്ദ്രം ഏകപക്ഷീയമായി ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് താഴ്‌വരയിൽ ആക്രമണവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നവർക്കാണ് വളമാകുന്നത്. കാശ്‌മീരികളുമായി സംസാരിച്ച് അവരുടെ വിശ്വാസം നേടുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും തരിഗാമി പറഞ്ഞു.
ശ്രീനഗറിൽ വീട്ടുതടങ്കലിലായിരുന്ന തരിഗാമി സുപ്രീംകോടതി അനുമതിയോടെ ഡൽഹി എയിംസിൽ ചികിത്സ പൂർത്തിയാക്കി മടങ്ങുന്നതിന് മുമ്പ് പാർട്ടി ആസ്ഥാനത്ത് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
സ്വർഗമല്ല കാശ്‌മീരികൾ ചോദിക്കുന്നത്. രാജ്യത്തിന്റെ മറ്റുഭാഗങ്ങൾക്കൊപ്പം മുന്നേറാനുള്ള അവസരമാണ്. ഓരോ കാശ്‌മീരിയെയും ഇന്ത്യയുടെ പൗരന്മാരായി കാണണം. ഒരു കാശ്‌മീരി, ഒരു ഹിന്ദുസ്ഥാനിയാണ് ഇത് പറയുന്നത്. ഞങ്ങളെകൂടി കേൾക്കൂ. ഒപ്പം ചേർത്ത് കൊണ്ടുപോകൂ - വികാരാധീനനായി തരിഗാമി പറഞ്ഞു.
നാൽപ്പത് ദിവസമായി കാശ്‌മീരിലെ ജനങ്ങൾ ശ്വാസംമുട്ടുകയാണ്. ഇൻറർനെറ്റില്ല. ചികിത്സാ സൗകര്യങ്ങളില്ല. കടകളഉം സ്‌കൂളുകളും തുറക്കുന്നില്ല. ഗതാഗതം നിലച്ചു. പഴം വ്യവസായം തകർത്തു. ഒരു ജോലിയും ചെയ്യാനാവുന്നില്ല. ദിവസവേതനം കൊണ്ട് ജീവിച്ചിരുന്ന വലിയ വിഭാഗം പ്രതിസന്ധിയിലായി. ആശയവിനിമയ ഉപാധികൾ റദ്ദാക്കിയതോടെ ജനങ്ങൾ ഒറ്റപ്പെട്ടു. ഒരു മരണംപോലും നടന്നിട്ടില്ലെന്ന് കേന്ദ്രം പറയുന്നു. കാശ്‌മീരികൾ സാവധാനം മരിക്കുകയാണ്.
കാശ്‌മീരിൽ നിയന്ത്രണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. സുഹൃത്തുക്കളെയും ബന്ധുക്കളെയും നഷ്ടപ്പെട്ട ഏറ്റവും മോശം കാലത്തെക്കാളും ഇന്ന് ഞാൻ അസ്വസ്ഥനാണ്. ആഗസ്റ്റ് അഞ്ചിന് ശേഷം വെടിവയ്‌പ് ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം അവകാശപ്പെടുന്നു. കാശ്‌മീർ ഇപ്പോൾ ജയിലാണ്. ജയിലിൽ വെടിവയ്ക്കേണ്ടതില്ലല്ലോ.
കാശ്‌മീരികൾ സ്വന്തം തീരുമാനപ്രകാരമാണ് മതേതര ഇന്ത്യയിൽ ചേർന്നത്. കാശ്‌മീരിലെ നേതാക്കളും ജനങ്ങളും ഇന്ത്യയുമായുണ്ടാക്കിയ സ്നേഹബന്ധമാണ് ഇന്ന് ആക്രമിക്കപ്പെട്ടത്. കാശ്‌മീരിലെ ജനങ്ങളെ വിഭജിച്ചു. ശരാശരി കാശ്മീരി ഭയപ്പെടുകയാണ്. ഞാൻ വിദേശിയല്ല. ഫാറൂഖ് അബ്ദുള്ളയും മറ്റുനേതാക്കളും ഭീകരരല്ല - തരിഗാമി കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനം വിഭജിച്ചതിനെതിരെ സി.പി.എമ്മിന് വേണ്ടി യൂസഫ് തരിഗാമി സുപ്രീംകോടതിയിൽ ഹർജി നൽകുമെന്ന് യെച്ചൂരി പറഞ്ഞു.