news

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി.

മെമ്മറികാർഡ് തൊണ്ടിമുതലാണെങ്കിലും അതിലെ ദൃശ്യങ്ങൾ രേഖയാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. നടിയുടെ സ്വകാര്യത മാനിച്ച് പ്രതിക്ക് ദൃശ്യങ്ങളുടെ പകർപ്പ് കൈമാറരുതെന്നും സർക്കാർ ആവശ്യപ്പെട്ടു.

പ്രതിക്ക് നിരപരാധിത്വം തെളിയിക്കാൻ കേസിലെ രേഖകൾ ലഭിക്കേണ്ടത് അനിവാര്യമല്ലേയെന്ന് ജസ്റ്റിസ്‌ എ.എം. ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചെങ്കിലും ദൃശ്യങ്ങളുടെ നൽകുന്നതിനെ ആക്രമിക്കപ്പെട്ട നടി ശക്തമായി എതിർത്തു.

കേസിന്റെ ഭാഗമായ രേഖകൾ പ്രതിക്ക് കൈമാറണമെന്നാണ് വ്യവസ്ഥയെങ്കിലും ഈ കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുക്കണമെന്ന് നടിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് ചൂണ്ടിക്കാട്ടി. ദൃശ്യങ്ങൾ നൽകാൻ തീരുമാനിച്ചാൽ അത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. പോക്സോ കേസുകളെയടക്കം ബാധിക്കാനിടയുണ്ട്. രേഖകൾ ലഭിക്കാൻ പ്രതിക്ക് അവകാശമുള്ളതുപോലെ തന്റെ സ്വകാര്യതയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സ്വകാര്യത തന്റെ മൗലികാവകാശമാണ്. കോടതിയിൽ പ്രതി ദൃശ്യങ്ങൾ കാണുന്നതിനോ പരിശോധിക്കുന്നതിനോ എതിർപ്പില്ല. പ്രതി ആവശ്യപ്പെടുന്ന വിദഗ്ദ്ധനെ കൊണ്ട് പരിശോധിക്കുന്നതിലും എതിർപ്പില്ലെന്നും നടി വ്യക്തമാക്കി.

മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു. മെമ്മറി കാർഡ് നിർണായക തെളിവാണ്. ദൃശ്യങ്ങൾ രേഖയാണ്. രേഖ ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ട്. സ്വന്തംനിലയിൽ ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കേണ്ടതുണ്ടെന്നും ദിലീപ് ആവശ്യപ്പെട്ടു.

മെമ്മറികാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് വ്യക്തമായി അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
നടിയെ ആക്രമിക്കുമ്പോൾ ഓടുന്ന വാഹനത്തിൽ വച്ച് ഒന്നാംപ്രതി പൾസർ സുനി മൊബൈലിൽ പകർത്തിയതാണ് ദൃശ്യങ്ങളെന്നാണ് പൊലീസ് വാദം. ദൃശ്യങ്ങൾ വേണമെന്ന ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയതോടെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ദീലിപിന്റെ ഹർജിയിൽ തീർപ്പുണ്ടാകുന്നത് വരെ കേസിന്റെ വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണ്.