ന്യൂഡൽഹി:പതിനൊന്ന് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് ഹിമാലയത്തിൽ സന്യാസജീവിതം നയിക്കാൻ പോകുമെന്ന് എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ മിൻഹാസ് മർച്ചന്റ് പറഞ്ഞു. ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെയാണ് മിൻഹാസിന്റെ അഭിപ്രായപ്രകടനം.
'പതിനെട്ടാം വയസിൽ അദ്ദേഹം ഹിമാലയത്തിലേക്ക് പോയി, 80ാം വയസിൽ അദ്ദേഹം പോകുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. പതിനൊന്ന് വർഷത്തിന് ശേഷം അദ്ദേഹം വീണ്ടും ഹിമാലയത്തിലേക്ക് പോകും. സന്യാസ ജീവിതം നയിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നതെന്നും 'മിൻഹാസ് പറഞ്ഞു. എന്നാൽ ഇത് നടക്കണമെങ്കിൽ 2024ലെ തിരഞ്ഞെടുപ്പിലും മോദി പ്രധാനമന്ത്രിയായി വിജയിക്കണമെന്ന് മിൻഹാസ് മർച്ചന്റ് പറഞ്ഞു. 2029 ലെ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം മാറിനിൽക്കാനാണ് സാദ്ധ്യത.മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവിതചരിത്രവും മിൻഹാസ് മർച്ചന്റ് രചിച്ചിരുന്നു.