sc

ന്യൂഡൽഹി: അയോദ്ധ്യ ബാബ്റി മസ്ജിദ് - രാമജന്മഭൂമി ഭൂമിതർക്കകേസിൽ ഭരണഘടനാബെഞ്ചിൽ അന്തിമവാദം 26 ദിവസം പിന്നിട്ടിരിക്കെ മദ്ധ്യസ്ഥ ശ്രമങ്ങൾക്ക് വീണ്ടും സുപ്രീംകോടതിയുടെ അനുമതി. വാദം തടസമില്ലാതെ തുടരുമെന്നും സമാന്തരമായി കക്ഷികൾക്ക് മൂന്നംഗ മദ്ധ്യസ്ഥ സമിതിയുമായി ചേർന്ന് പ്രശ്നപരിഹാരത്തിനായി മദ്ധ്യസ്ഥ ശ്രമങ്ങൾ നടത്താമെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ഭരണഘടനാബെഞ്ച് ഉത്തരവിട്ടു. ചർച്ചകൾ രഹസ്യമായിരിക്കണം. എന്തെങ്കിലും ഒത്തുതീർപ്പുണ്ടായാൽ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

മദ്ധ്യസ്ഥ നടപടികൾ വീണ്ടും തുടങ്ങാൻ പ്രധാനകക്ഷികളായ നിർമോഹി അഖാഡയും സുന്നിവഖഫ് ബോർഡും താത്പര്യം അറിയിച്ചതായി മദ്ധ്യസ്ഥ സമിതി കഴിഞ്ഞദിവസമാണ് സുപ്രീംകോടതിയെ അറിയിച്ചത്. അന്തിമവാദത്തോടൊപ്പം മദ്ധ്യസ്ഥ ചർച്ചകളും നടത്തണമെന്നാണ് ഇരുകക്ഷികളും ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ചാണ് തീരുമാനം. മാർച്ച് എട്ടിനാണ് മുൻ ജസ്റ്റിസ് എഫ്.എം ഇബ്രാഹീം ഖലീഫുള്ള ചെയർമാനും ആത്മീയാചാര്യനും ആർട്ട് ഒഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരുമടങ്ങിയ മദ്ധ്യസ്ഥ സമിതിയെ സുപ്രീംകോടതി നിയമിച്ചത്. ഫൈസാബാദിൽ ജൂലായ് 31വരെയാണ് മദ്ധ്യസ്ഥത നടന്നത്. ഇതിനിടെ, മദ്ധ്യസ്ഥ ശ്രമങ്ങളിൽ പുരോഗതി ഇല്ലെന്നും കേസ് എത്രയും വേഗം പരിഗണിച്ച് തീർപ്പുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കക്ഷികളിലൊരാളായ ഗോപാൽസിംഗ് വിശാര കോടതിയെ സമീപിച്ചു. ഈ ഹർജി അനുവദിച്ച സുപ്രീംകോടതി മദ്ധ്യസ്ഥത ശ്രമങ്ങൾ പരാജയമെന്ന് അറിയിച്ചു. തുടർന്ന്, തർക്കമുള്ള 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി വിഭജിച്ച അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെയുള്ള 14 അപ്പീലുകളിൽ ആഗസ്റ്റ് ആറു മുതൽ അന്തിമവാദം തുടങ്ങുകയായിരുന്നു. ദൈനംദിനാടിസ്ഥാനത്തിലാണ് വാദം കേൾക്കുന്നത്. ഇതിനിടെയാണ് ഇരുഭാഗത്തെയും പ്രധാന കക്ഷികൾ മദ്ധ്യസ്ഥ ശ്രമം തുടരണമെന്ന ആവശ്യമുന്നയിച്ചത്.

 വാദം ഒക്ടോബർ 18 വരെ

കേസിൽ അന്തിമവാദം ഒക്ടോബർ 18നകം പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഇതിനായി സംയുക്തമായി ശ്രമിക്കാമെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻഗോഗോയ് പറഞ്ഞു. ആവശ്യമെങ്കിൽ ശനിയാഴ്ചയും പ്രത്യേക സിറ്റിംഗ് നടത്തി വാദം കേൾക്കാമെന്നും അഭിഭാഷകരെ അറിയിച്ചു. നവംബർ 17നാണ് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിക്കുന്നത്. അതിന് മുൻപ് രാഷ്ട്രീയ മത പ്രാധാന്യമേറെയുള്ള കേസിൽ വിധി പറയുമെന്നാണ് പ്രതീക്ഷ.

അടുത്തയാഴ്ച അവസാനത്തോടെ വാദം പൂർത്തിയാക്കുമെന്ന് സുന്നി വഖഫ് ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ അറിയിച്ചു. രണ്ട് ദിവസം കൂടി വാദത്തിന് വേണമെന്ന് രാംലല്ല ആവശ്യപ്പെട്ടു.