ന്യൂഡൽഹി: മരടിലെ അഞ്ചു ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിൽ ഇടപെടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. മരട് സംസ്ഥാന വിഷയമാണെന്നും കേസിൽ കക്ഷിയല്ലെന്നുമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. കേസിന്റെ ഒരു ഘട്ടത്തിലും കോടതി തങ്ങളുടെ അഭിപ്രായം തേടിയിട്ടില്ല. അതിനാൽ വിഷയത്തിൽ ഇടപെടേണ്ട കാര്യമില്ല. മാത്രമല്ല തങ്ങൾതന്നെയുണ്ടാക്കിയ തീരദേശപരിപാലന നിയമം നടപ്പാക്കരുതെന്ന് എങ്ങനെ കോടതിയിൽ പറയുമെന്നുമാണ് മന്ത്രാലയത്തിന്റെ ചോദ്യം. സംസ്ഥാനത്തിന് വേണമെങ്കിൽ പുനഃപരിശോധനാ ഹർജിയുമായി പോകാം. ചട്ടലംഘനം നടത്തിയ നിർമ്മാതാക്കൾക്കെതിരെ നടപടി പ്രഖ്യാപിക്കാത്തതും ശരിയല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി നൽകിയ അന്ത്യശാസനം നാളെ അവസാനിക്കാനിരിക്കെ സംസ്ഥാനസർക്കാർ പൂർണമായും ഒറ്റപ്പെടുകയാണ്. ഉത്തരവ് നടപ്പാക്കിയ ശേഷം സെപ്തംബർ 23ന് ചീഫ് സെക്രട്ടറിയോട് ഹാജരാകാൻ ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരുന്നു.