ന്യൂഡൽഹി: തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുമാറ്റുന്നതിന് മുൻപ് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് സമീപവാസി നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയപരിധി നാളെ അവസാനിക്കുന്നതിനാൽ ഹർജി അടിയന്തരമായി കേൾക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് ഇത് അംഗീകരിച്ചില്ല. കേസുമായി ബന്ധപ്പെട്ട പ്രധാന ഹർജിയോടൊപ്പം തിങ്കളാഴ്ച ഈ ഹർജി പരിഗണിച്ചേക്കും. ഫ്ലാറ്റ് സമുച്ചയത്തിന് 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന എം.ജി. അഭിലാഷാണ് ഹർജി നല്‍കിയത്. കൂറ്റൻ ഫ്ലാറ്റുകൾ പൊളിക്കുന്നത് ഏറെ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് ഇടയാക്കും. ഇത് ഏറെ ഗുരുതരമായി ബാധിക്കുക സമീപവാസികളെയാണ്. ഈ സാഹചര്യത്തിൽ പൊളിക്കുന്നതിന് മുൻപ് ഐ.ഐ.ടിയുടെ മേൽനോട്ടത്തിൽ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നാണ് ആവശ്യം.
ഫ്ലാറ്റ് പൊളിക്കാൻ തയ്യാർ
മരട് ഫ്ലാറ്റുകൾ പൊളിക്കാൻ തയ്യാറെന്ന് വ്യക്തമാക്കി ബാംഗ്ലൂർ ആസ്ഥാനമായ കമ്പനി സുപ്രീംകോടതിയെ സമീപിച്ചു. അക്യൂറേറ്റ് ഡെമോളിഷിംഗ് എന്ന സ്ഥാപനമാണ് മരട് കേസിൽ കക്ഷി ചേരാൻ അനുമതി ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ഫ്ലാറ്റുകൾ പൊളിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയത്. പൊളിക്കാൻ സ്ഥാപനത്തിന് വൈദഗ്ദ്ധ്യമുണ്ടെന്നും അപേക്ഷയിൽ പറയുന്നു.