sivakumar

ന്യൂഡൽഹി: കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഒക്ടോബർ ഒന്ന് വരെ കസ്റ്റഡിയിൽ തുടരും. ശിവകുമാറിനെ ആദ്യം ആശുപത്രിയിൽ എത്തിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ തിഹാർ ജയിലിലേക്ക് അയയ്ക്കാവൂവെന്ന് ഡൽഹി പ്രത്യേക കോടതി ജഡ്ജി വിധിച്ചിരുന്നു. ഇതനുസരിച്ച് ഡൽഹിയിലെ ആർ.എം.എൽ. ആശുപത്രിയിൽ ഹാജരാക്കി വിശദ പരിശോധനയ്ക്ക് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ പാർപ്പിച്ചിട്ടുള്ള ഏഴാം നമ്പർ ജയിലിൽ തന്നെയാണ് ശിവകുമാറും.


ശിവകുമാറിന്റെ ചികിത്സാ രേഖകൾ പരിശോധിച്ച കോടതി തിഹാർ ജയിലിലേക്ക് അയയ്ക്കുന്ന പക്ഷം വൈദ്യ സഹായവും മരുന്നുകളും ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും ജുഡീഷ്യൽ കസ്റ്റഡിയിലും ശിവകുമാറിനെ ചോദ്യംചെയ്യാൻ അവസരം നൽകണമെന്നും അന്വേഷണ ഏജൻസി കോടതിയിൽ ആവശ്യമുന്നയിച്ചു. എന്നാൽ ശിവകുമാറിന് ഹൃദയാഘാതമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ വാദിച്ചു. എന്നാൽ കോടതി നിരാകരിക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ കഴിഞ്ഞ 3നാണ് എൻഫോഴ്‌സ്‌മെന്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.അറസ്റ്റിന് ശേഷം ശിവകുമാറിനെ കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്തിരുന്നു.ശേഷം ഹാജരാക്കിയപ്പോഴാണ് റിമാന്റ് ചെയ്തത്.

ഡി.കെയുടെ സഹായി ലക്ഷ്മിയെ ചോദ്യം ചെയ്തു

ഡി.കെ. ശിവകുമാർ ഉൾപ്പെട്ട കേസിൽ കർണാടകയിലെ കോൺഗ്രസ് എം.എൽ.എ. ലക്ഷ്മി ഹെബ്ബാൽക്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഡൽഹി ഇ.ഡി ആസ്ഥാനത്തെത്തുന്നതിൽ നിന്ന് രണ്ടുതവണ ലക്ഷ്മി തടസവാദം ഉന്നയിച്ചെങ്കിലും അന്വേഷണസംഘം പരിഗണിച്ചിരുന്നില്ല. ലക്ഷ്മി ഹെബ്ബാൽക്കറിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇവർക്ക് ഡി.കെ ശിവകുമാറുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബന്ധമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് സംശയിക്കുന്നു. ഡി.കെ ശിവകുമാറിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലക്ഷ്മിക്കെതിരായ നീക്കം. ബെലഗാവി മണ്ഡലത്തിലെ കോൺഗ്രസ് എം.എൽഎയായ ലക്ഷ്മിയെ അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോർട്ടുണ്ട്. നേരത്തെ ശിവകുമാറിന്റെ മകൾ ഐശ്വര്യയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.