ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന ചാന്ദ്നിചൗക്ക് എം.എൽ.എ അൽക്കാ ലാംബയെ ഡൽഹി നിയമസഭ അയോഗ്യയാക്കി.കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് സ്പീക്കർ രാം നിവാസ് ഗോയൽ അൽക്കയെ അയോഗ്യയാക്കിയത്. പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതിനെത്തുടർന്ന് എ.എ.പി അംഗം സൗരബ് ഭരദ്വാജ് നൽകിയ പരാതിയിലാണ് അൽക്കയ്‌ക്ക് എം.എൽ.എ സ്ഥാനം നഷ്ടമായത്.
എന്നാൽ താൻ ആം ആദ്മി വിട്ടുവെന്ന് ട്വീറ്റ് ചെയ്യുകയല്ലാതെ രേഖാമൂലം രാജി സമർപ്പിച്ചിട്ടില്ലെന്നാണ് അൽക്കാ ലാബ പ്രതികരിച്ചത്. താൻ ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നോ എന്നുള്ള സ്പീക്കറുടെ ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി നൽകിയതെന്നും അൽക്ക പറയുന്നു. എന്നാൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം രേഖയായി എടുത്താണ് തന്നെ അയോഗ്യയാക്കിയത്. ലാലു പ്രസാദിനൊപ്പം അരവിന്ദ് കെജ്രിവാൾ നിൽക്കുന്ന ചിത്രം കാണിച്ച് കെജ്രിവാളിനെ അയോഗ്യയാക്കുമോ എന്നും അൽക്ക ചോദിക്കുന്നു.
ഇതിന് മുൻപ് സമാനമായ സാഹചര്യത്തിൽ നാല് എം.എൽ.എമാരെ നേരത്തെ അയോഗ്യരാക്കിയിരുന്നു. ഏറെ നാളത്തെ അസ്വാരസ്യങ്ങൾക്ക് വിരാമമിട്ട് ഈ മാസം ആദ്യത്തോടെയാണ് ആം ആദ്മി എം.എൽ.എ അൽക്കാ ലാംബ പാർട്ടി വിട്ടത്. 'വിടപറയാൻ സമയമായി. ഗുഡ്‌ബൈ എ.എ.പി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. കഴിഞ്ഞ ആറ് വർഷത്തെ യാത്രയിൽ ഒരുപാട് പഠിക്കാനായി. എല്ലാവർക്കും നന്ദി ' - അൽക്കാ ട്വീറ്റ് ചെയ്തു.ഏതാനും ദിവസം മുമ്പ് അൽക്ക ലാംബ കോൺഗ്രസ് അ ദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ചതോടെ എ.എ.പിയിൽ നിന്ന് ഉടൻ രാജിവച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.2013ൽ ആം ആദ്മിയിൽ ചേരുന്നതിന് മുമ്പ് 20 വർഷത്തോളം അൽക്ക കോൺഗ്രസ് പ്രവർത്തകയായിരുന്നു.