ന്യൂഡൽഹി: 23ന് ന്യൂയോർക്കിൽ നടക്കുന്ന യു.എൻ. കാലാവസ്ഥ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സദസിനെ അഭിസംബോധന ചെയ്യുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസാണ് കാലാവസ്ഥാ ഉച്ചകോടി അദ്ധ്യക്ഷത വഹിക്കുന്നത്. ശേഷം 27ന് യു.എൻ. പൊതുസഭയെ അഭിസംബോധന ചെയ്യും. കാലാവസ്ഥാ ഉച്ചകോടിക്കും സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട പ്രത്യേക സെഷനുമാണ് ഇത്തവണ കൂടുതൽ പ്രാധാന്യം കൽപ്പിക്കപ്പെടുന്നത്. ഉഭയകക്ഷി ചർച്ചകൾ, പൊതുസമ്മേളനങ്ങൾ തുടങ്ങി ഒരാഴ്ചയോളം നീളുന്ന തിരക്കേറിയ പരിപാടികളാണ് ന്യൂയോർക്കിൽ മോദിയെ കാത്തിരിക്കുന്നത്. യു.എൻ. പൊതുസഭയുടെ 74ാമത് സെഷനിൽ 112 രാഷ്ട്രത്തലവന്മാരും 48 ഭരണമേധാവികളും 30 വിദേശകാര്യമന്ത്രിമാരുമാണ് പങ്കെടുക്കുന്നത്. യു.എസിലെ ബിൽ ആൻഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷൻ മോദിയെ ആദരിക്കും. 2019ലെ ഗ്ലോബൽ ഗോൾ കീപ്പർ അവാർഡും സമ്മാനിക്കും. സ്വച്ഛ് ഭാരത് മിഷൻ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് മോദിയെ അവാർഡിന് പരിഗണിച്ചത്.