gogoi-

ന്യൂഡൽഹി: ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ച മുൻ സുപ്രീംകോടതി ജീവനക്കാരിക്കെതിരായ വഞ്ചനാകേസ് അവസാനിപ്പിച്ചു. കൂടുതൽ നിയമ നടപടികളുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അംഗീകരിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തനിക്ക് സംതൃപ്തിയുണ്ടെന്നും തുടർ നടപടികളുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞദിവസം പരാതിക്കാരനായ ഹരിയാന സ്വദേശി നവീൻകുമാർ കോടതിയെ അറിയിച്ചിരുന്നു.

സുപ്രീംകോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് 50000 രൂപ തട്ടിയെടുത്തിയെന്ന നവീൻകുമാറിൻറെ പരാതിയിൽ യുവതിക്കെതിരെ വഞ്ചനാകുറ്റമടക്കം ചുമത്തിയാണ് കേസെടുത്തത്. മാർച്ച് 10ന് യുവതിയെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ചു. മാർച്ച് 14നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കേസുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല തീരുമാനമെന്നും നവീൻകുമാർ ഒരു ദേശീയമാദ്ധ്യമത്തോട് പ്രതികരിച്ചു.

ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് 22 സുപ്രീംകോടതി ജഡ്ജിമാർക്ക് മുൻ ജീവനക്കാരി ഏപ്രിൽ 19നാണ് കത്ത് നൽകിയത്. അസാധാരണ സിറ്റിംഗ് നടത്തി ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആരോപണം നിഷേധിച്ചു. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനും ജസ്റ്റിസ്മാരായ ഇന്ദിരബാനർജി, ഇന്ദുമൽഹോത്ര എന്നിവരുമടങ്ങിയ കമ്മിറ്റി മേയിൽ ചീഫ്ജസ്റ്റിസിന് ക്ലിൻ ചിറ്റ് നൽകുകയും ചെയ്തു.