ന്യൂഡൽഹി : പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ജമ്മുകാശ്മീരിൽ കുട്ടികളെ അനധികൃതമായി തടങ്കലിൽ വച്ചെന്ന പൊതുതാത്പര്യ ഹർജിയിൽ സുപ്രീംകോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം ഇതിന്റെ സത്യാവസ്ഥ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി ജുവനൈൽ ജസ്റ്റിസ് കമ്മിറ്റിയോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അടങ്ങിയ മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചു. എസ്.എ. ബോബ്ഡെ, അബ്ദുൾ നസീർ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഇതേ ഹർജിയിൽ കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചു.
പ്രമുഖ ബാലാവകാശ വിദഗ്ദ്ധനായ എനാക്ഷി ഗാംഗുലി, ദേശീയ ബാലാവകാശ കമ്മിഷൻ (എൻ.സി.പി.സി.ആർ) പ്രഥമ ചെയർപേഴ്‌സൺ പ്രൊഫസർ ശാന്ത സിൻഹ എന്നിവരാണ് ഹർജിക്കാർ.
കുട്ടികൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നതായും സ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്നും ജീവൻ നഷ്ടപ്പെടുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ കാശ്മീരിൽ ഉണ്ടായിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹർജിയെ എതിർത്തു. ഹർജികളും വിശദീകരണവും പരിശോധിക്കവേ, ജമ്മു കാശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
രണ്ട് കാര്യങ്ങളാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് കുട്ടികളെ സുരക്ഷാസേന മർദ്ദിക്കുന്ന രീതിയിൽ പുറത്തുവന്ന ചിത്രങ്ങൾ. രണ്ട്, പെല്ലറ്റുകളടക്കം പ്രയോഗിച്ച് കുട്ടികൾക്ക് പരിക്കുകളേറ്റ ചിത്രങ്ങൾ. ഇതിന്റെ സത്യാവസ്ഥയെന്തെന്ന് വെളിപ്പെടുത്തണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം.
വിദേശമാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകളിലടക്കം പരാമർശിക്കപ്പെട്ട കുട്ടികളുടെ വിവരങ്ങളെന്തെന്ന് അറിയിക്കാൻ കോടതി ഉത്തരവിടണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
ജയിലുകളിലോ പൊലീസ് സ്റ്റേഷനുകളിലോ ഡിറ്റൻഷൻ കേന്ദ്രങ്ങളിലോ മറ്റേതെങ്കിലും തടവുകേന്ദ്രങ്ങളിലോ ആയി എത്തിച്ച കുട്ടികളുടെ വിവരം നൽകണം, അവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയോ എന്ന വിവരങ്ങളും നൽകണമെന്നും ഹർജിയിൽ പറയുന്നു.