foriegn-university-

ന്യൂഡൽഹി: വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് കാമ്പസ് സ്ഥാപിക്കാൻ അനുവാദം നൽകുന്ന വിദേശ സർവകലാശാല ബിൽ പാസാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. 2010ൽ രണ്ടാം യു.പി.എ സർക്കാർ കൊണ്ടുവരികയും ബി.ജെ.പി അടക്കം പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് പാർലമെന്റിൽ പാസാകാതെയും പോയ ബില്ലാണിത്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും.

ആദ്യ മോദി സർക്കാരിന്റെ കാലത്ത് 2015ൽ വിദേശ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നിതി ആയോഗിനോടും കേന്ദ്ര മാനവശേഷി മന്ത്രാലയത്തോടും നിർദ്ദേശിച്ചിരുന്നു. 1956ലെ യു.ജി.സി നിയമം ഭേദഗതി ചെയ്ത് വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് കല്പിത സർവകലാശാലകളെന്ന നിലയ്ക്ക് പ്രവർത്തനാനുമതി നൽകണമെന്ന് നിതി ആയോഗ് ശുപാർശ ചെയ്തു. നിലവിൽ രാജ്യത്ത് അറുനൂറ്റിയമ്പതോളം വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംയുക്ത സംരംഭങ്ങളിലൂടെ വിവിധ കോഴ്‌സുകൾ നടത്തുന്നുണ്ട്.

വിദേശ സർവകലാശാല കാമ്പസുകളുടെ നേട്ടം

  1. ലക്ഷങ്ങൾ മുടക്കി വിദേശത്ത് പോയി ചെയ്യുന്ന കോഴ്സ് ഇവിടെ കുറഞ്ഞ ചെലവിൽ ചെയ്യാം
  2. ഉന്നത വിദ്യാഭ്യാസ മേഖല കൂടുതൽ കാര്യക്ഷമമാകും
  3. മത്സരാധിഷ്ഠിതമാകുന്നതോടെ വിദ്യാഭ്യാസ നിലവാരമുയരും

1995ലും 2005ലും അന്നത്തെ സർക്കാരുകൾ വിദേശ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകാൻ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. രണ്ടാം യു.പി.എ സർക്കാർ 2010ൽ കൊണ്ടുവന്ന ബില്ലിനെ എതിർക്കാൻ ബി.ജെ.പിക്കൊപ്പം ഇടതുപക്ഷവും സമാജ്‌വാദി പാർട്ടിയുമുണ്ടായിരുന്നു.