ന്യൂഡൽഹി: തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടി ആരംഭിച്ചതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു. വിധി നടപ്പാക്കും. നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും ചീഫ് സെക്രട്ടറി ടോം ജോസ് നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.
ഫ്ലാറ്റുകൾ ഒറ്റയടിക്ക് പൊളിക്കുക പ്രായോഗികമല്ല. സാങ്കേതിക പരിജ്ഞാനക്കുറവ്, കെട്ടിട അവശിഷ്ടങ്ങളുടെ നിർമാർജനം, ജനനിബിഡ പ്രദേശം, ജലാശയങ്ങൾ തുടങ്ങിയവ പൊളിക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വിധി നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് കോടതിക്ക് തോന്നുകയാണെങ്കിൽ നിരുപാധികം മാപ്പു പറയുകയാണ്. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകണം.
സെപ്തംബർ 20നകം പൊളിക്കണമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ എത്രയും വേഗം താമസക്കാരെ ഒഴിപ്പിക്കാൻ നിർദ്ദേശം നൽകി. അഞ്ചു ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് 9ന് മുനിസിപ്പൽ സെക്രട്ടറി നോട്ടീസ് പതിച്ചു. പൊളിക്കാൻ കമ്പനികളെ തേടി ടെൻഡർ ക്ഷണിച്ചു. 15 കമ്പനികൾ താത്പര്യമറിയിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിക്ക് എല്ലാവിധ സഹായവും സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
മേയ് എട്ടിന്റെ ഉത്തരവ് ലഭിച്ചതോടെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി മരട് മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ യോഗം വിളിച്ച് നടപടിക്ക് നിർദ്ദേശിച്ചു. ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യ പ്രശ്നവും പാരിസ്ഥിതികാഘാതവും പഠിക്കാൻ മദ്രാസ് ഐ.ഐ.ടിയെ ചുമതലപ്പെടുത്തി. 17ന് ഐ.ഐ.ടി സംഘം റിപ്പോർട്ട് സമർപ്പിച്ചു.
നാലു ബഹുനില കെട്ടിടങ്ങളിലായി 343 ഫ്ലാറ്റുകളുണ്ട്. പ്രദേശം ജാനസാന്ദ്രതയേറിയ മേഖലയാണ്. രണ്ട് ദേശീയ പാതകൾ കടന്നു പോകുന്നുണ്ട്. ഹോളിഫെയ്ത്ത് അപ്പാർട്ട്മെന്റ് മുനിസിപ്പാലിറ്റി ഓഫീസിന് 400 മീറ്റർ അടുത്താണ്. മറ്റുള്ള അപ്പാർട്ടുമെന്റുകളും സമീപത്ത് തന്നെയാണ്. കെട്ടിടങ്ങൾ തമ്മിലുള്ള അന്തരീക്ഷ ദൂരം 500 - 800 മീറ്ററാണ്. കടലും ജലാശയവുമുണ്ട്. 200 വർഷം പഴക്കമുള്ള മാർക്കറ്റുണ്ട്. സ്കൂളും പള്ളിയും നൂറിലധികം വീടുകളുമുണ്ടെന്നും ചൂണ്ടിക്കാട്ടി. സെപ്തംബർ 20നകം ഫ്ലാറ്റുകൾ പൊളിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഇല്ലെങ്കിൽ 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാനുമാണ് ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. തുടർന്നാണ് ഇതുവരെയെടുത്ത നടപടികൾ വിശദീകരിച്ച് മദ്രാസ് ഐ.ഐ.ടിയുടെ പഠനറിപ്പോർട്ട്, ഫ്ലാറ്റുകളുടെ ചിത്രങ്ങൾ തുടങ്ങിയവ സഹിതം ഇന്നലെ സത്യവാങ്മൂലം നൽകിയത്. സത്യവാങ്മൂലം തിങ്കളാഴ്ച കോടതി പരിഗണിക്കും.