ന്യൂഡൽഹി: ഒരേ ക്ളാസിൽ ഒരേ ബഞ്ചിലിരുന്ന് പഠിച്ച ഉറ്റ കൂട്ടുകാർ പരമോന്നത നീതിപീഠത്തിന്റെ ഒരേ ബഞ്ചിൽ ജോലി ചെയ്യുന്ന അവിചാരിത മുഹൂർത്തത്തിനാണ് ഇന്നലെ സുപ്രീംകോടതി സാക്ഷിയായത്. എസ്. രവീന്ദ്ര ഭട്ട്, ഹൃഷികേശ് റോയ്, വി. രാമസുബ്രഹ്മണ്യൻ, കൃഷ്ണ മുരാരി എന്നീ പുതിയ ജഡ്ജിമാരാണ് സുപ്രീംകോടതിയിൽ സൗഹൃദ'ചരിത്രം സൃഷ്ടിച്ചത്. ഇതിൽ എസ്. രവീന്ദ്ര ഭട്ടും ഹൃഷികേശ് റോയിയും നിലവിലെ ജഡ്ജിമാരായ ചന്ദ്രചൂഢ്, സജ്ഞയ് കൗൾ എന്നിവരും 1982ൽ ഡൽഹി സർവകലാശാലയിലെ കാമ്പസ് ലാ സെന്ററിൽ ഒരേ ക്ലാസിൽ ഒരു ബഞ്ചിലിരുന്ന് പഠിച്ചവരാണ്.
ജസ്റ്റിസ് ചന്ദ്രചൂഡ് 1982ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുധമെടുത്തശേഷം ഹാർവാഡിൽ ഉപരിപഠനം നടത്തി. ശേഷം 2000 മാർച്ച് 29ന് ബോംബെ ഹൈ കോടതിയിൽ അഡി. ജഡ്ജിയായി നിയമിച്ചു.2013 ഒക്ടോബർ 31ന് അലഹാബാദ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2016 മേയ് 13നാണ് സുപ്രീംകോടതി ജഡ്ജിയായത്.
കാസർകോട്ട് വേരുകളുള്ള മൈസൂരു സ്വദേശിയായ ജസ്റ്റിസ് രവീന്ദ്ര ഭട്ട് 1982ൽ പഠനം പൂർത്തിയാക്കി അതേ വർഷം തന്നെ ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസാരംഭിച്ചു. 2004ൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന് കീഴിൽ വരുമെന്നതുൾപ്പെടെയുള്ള സുപ്രധാന വിധികൾ ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കേ അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്.
അസം സ്വദേശിയായ ജസ്റ്റിസ് ഹൃഷികേശ് റോയ് 1982 ലാണ് അഭിഭാഷകനായത്. 2004ൽ ഗുവാഹാട്ടി ഹൈക്കോടതി ജഡ്ജിയായി. 2018 മെയിലാണ് അദ്ദേഹം കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാകുന്നത്.
1982ൽ പഠിച്ചിറങ്ങിയ സഞ്ജയ് കൃഷ്ണ കൗൾ അതേ വർഷം പ്രാക്ടീസ് ആരംഭിച്ചു. 2001ൽ അഡി.ജഡ്ജിയായി. ശേഷം പഞ്ചാബ്, ഹരിയാന ചീഫ് ജസ്റ്റായി.2013ൽ മദ്രാസ് ഹൈകോടതിയിലെത്തിയ അദ്ദേഹം 2017ലാണ് സുപ്രീംകോടതിയിലെത്തുന്നത്.