ന്യൂഡൽഹി: ഹൈക്കോടതികളിലെപോലെ സുപ്രീംകോടതിയിലും ഇനി സിംഗിൾ ബെഞ്ച് കേസുകൾ കൈകാര്യം ചെയ്യും. ഏഴുവർഷം വരെ ശിക്ഷ കിട്ടാവുന്ന കേസുകളിലെ ജാമ്യം മുൻകൂർജാമ്യം, സിവിൽ ക്രിമിനൽ കേസുകൾ ഒരു കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് മാറ്റാനുള്ള ട്രാൻസ്ഫർ ഹർജികൾ, അതത് സമയം ചീഫ്ജസ്റ്റിസ് തീരുമാനിക്കുന്ന മറ്റു കേസുകൾ എന്നിവയാണ് സിംഗിൾ ബെഞ്ച് പരിഗണിക്കുക. ഇതിനായി 2013ലെ സുപ്രീംകോടതി നിയമത്തിൽ ഭേദഗതി വരുത്തി രജിസ്ട്രാ| സെപ്തംബർ 17നാണ് വിജ്ഞാപനമിറക്കിയത്.(സുപ്രീംകോടതി (ഭേദഗതി) നിയമം 2019). രണ്ടിൽ കുറയാത്ത ബെഞ്ച് കേസുകൾ കൈകാര്യം ചെയ്യണമെന്ന വ്യവസ്ഥയാണ് മാറ്റിയത്. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 31 ൽ നിന്ന് 34 ആയി ഉയർത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.
നാലു ജഡ്ജിമാർ കൂടി നിയമിതരായതോടെ സുപ്രീംകോടതിയിൽ രണ്ട് പുതിയ കോടതി മുറികളും രൂപീകരിച്ചു. നിലവിൽ 15 കോടതിമുറികളാണുള്ളത്. ഇത് 17 ആക്കി.