നാളെ മുതൽ പത്രിക നൽകാം
പെരുമാറ്റച്ചട്ടം നിലവിൽ വന്നു
മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പും 21ന്
ഉപതിരഞ്ഞെടുപ്പ് 64 അസംബ്ലി സീറ്റുകളിൽ
ന്യൂഡൽഹി: മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂർ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒക്ടോബർ 21ന് നടക്കും. കേരളത്തിലെ അഞ്ചും കർണാടകത്തിലെ പതിനഞ്ചും ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമായി 64 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് 21ന് നടക്കുന്നത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. 24 നാണ് എല്ലായിടത്തും വോട്ടെണ്ണൽ.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് വാർത്താസമ്മേളനത്തിൽ തീയതികൾ പ്രഖ്യാപിച്ചത്. കേരളത്തിലെ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ജില്ലകളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ളിംലീഗ് എം.എൽ.എ പി.ബി. അബ്ദുൽ റസാഖ് മരിച്ചതിനെ തുടർന്നാണ് ഒഴിവ് വന്നത്. കെ. മുരളീധരൻ വടകരയിലും എ.എം. ആരിഫ് ആലപ്പുഴയിലും അടൂർ പ്രകാശ് ആറ്റിങ്ങലിലും ഹൈബി ഈഡൻ എറണാകുളത്തും വിജയിച്ച് പാർലമെന്റിലെത്തിയതോടെയാണ് വട്ടിയൂർക്കാവ്, അരൂർ, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളിൽ ഒഴിവ് വന്നത്.
കേരളത്തിൽ
തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ.
നാളെ മുതൽ പത്രിക നൽകാം.
പത്രിക നൽകാനുള്ള അവസാന തീയതി ഈ മാസം 30
സൂക്ഷ്‌മ പരിശോധന ഒക്ടോബർ ഒന്നിന്
പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഒക്ടോബർ 3.
ഹരിയാനയിലും മഹാരാഷ്ട്രയിലും 27നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുക. പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഒക്ടോബർ നാല്. അഞ്ചിന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ ഏഴാണ്. 90 സീറ്റുകളാണ് ഹരിയാന നിയമസഭയിലുള്ളത്. മഹാരാഷ്ട്രയിൽ 288 സീറ്റുകളും.
സ്ഥാനാർത്ഥികൾ പ്രചാരണത്തിന് എത്ര പണം ചെലവഴിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാൻ ഇന്ത്യൻ റവന്യൂ സർവീസിൽ നിന്ന് വിരമിച്ച രണ്ട് ഉദ്യോഗസ്ഥരെ മഹാരാഷ്ട്രയിലേക്ക് അയയ്ക്കുമെന്ന് സുനിൽ അറോറ പറഞ്ഞു. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ ഇരു സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
നവംബർ രണ്ടിനാണ് ഹരിയാനാ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. മഹാരാഷ്ട്രയുടേത് നവംബർ ഒമ്പതിനും. മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തതിൽ ബി.ജെ.പി ഒറ്റയ്ക്കാണ് ഹരിയാന ഭരിക്കുന്നത്. മഹാരാഷ്ട്രയിൽ ബി.ജെ.പി - ശിവസേനാ സഖ്യമാണ് അധികാരത്തിലുള്ളത്. ഹരിയാനയിൽ 1.82 കോടിയും മഹാരാഷ്ട്രയിൽ 8.9 കോടിയും വോട്ടർമാരുണ്ട്.
അരുണാചൽപ്രദേശ് (1), അസാം (4), ബീഹാർ (5), ഛത്തീസ്ഗഢ് (1), ഗുജറാത്ത് (4),ഹിമാചൽപ്രദേശ് (2), കർണാടകം (15), മദ്ധ്യപ്രദേശ് (1), മേഘാലയ (1), ഒഡിഷ (1), പുതുച്ചേരി (1), പഞ്ചാബ് (4), രാജസ്ഥാൻ (2), സിക്കിം (3), തമിഴ്നാട് (2), തെലുങ്കാന (1), ഉത്തർപ്രദേശ് (11).