സാമുദായികസമവാക്യങ്ങളും പ്രാദേശികകക്ഷികളും ആധിപത്യം ചെലുത്തുന്ന ഹരിയാനയിൽ, ദേശീയരാഷ്ട്രീയം പയറ്റുന്ന കോൺഗ്രസിനും ബി.ജെ.പിക്കും വെല്ലുവിളികൾ ഏറെയാണ്. ബീഫ് നിരോധനത്തെ തുടർന്ന് ഉത്തർപ്രദേശിലെപ്പോലെതന്നെ കൊലപാതകങ്ങളും അക്രമപ്രവർത്തനങ്ങളും അരങ്ങേറിയ സംസ്ഥാനമാണ് ഹരിയാന. കോൺഗ്രസും ബി.ജെ.പിയും ഓം പ്രകാശ് ചൗത്താല നയിക്കുന്ന ഇന്ത്യൻ നാഷണൽ ലോക്ദളുമാണ് ഹരിയാനയിലെ ത്രികോണ മത്സരത്തിന് കളമൊരുക്കുന്ന പ്രധാന രാഷ്ട്രീയ പാർട്ടികൾ. അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും ദുഷ്യന്ത് ചൗള നയിക്കുന്ന ജനനായക് ജനത പാർട്ടിയും സാർവഹിത് പാർട്ടിയും ഹരിയാന വികാസ് പാർട്ടി, പവൻ പണ്ഡിത്തിന്റെ ഹരിയാന ജനഹിത് കോൺഗ്രസ് പാർട്ടിയും മത്സര രംഗത്തുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റാൻ സംഘപരിവാർ ശക്തികൾക്ക് കഴിഞ്ഞത് സംസ്ഥാനത്ത് അക്രമങ്ങൾ വർദ്ധിക്കാൻ കാരണമായി. 87 ശതമാനം ഹിന്ദുക്കൾക്കിടയിൽ മുസ്ലിങ്ങളുടെ ജനസംഖ്യ വളരെ താഴെയായതിനാൽ വർഗീയവോട്ട് സമാഹരണത്തിലൂടെ ബി.ജെ.പി ഈ അക്രമങ്ങൾ കണ്ടില്ലെന്ന് നടിച്ചു. വെറും ഏഴ് ശതമാനമാണ് ഹരിയാനയിലെ മുസ്ലിം പ്രാതിനിദ്ധ്യം. അതുകൊണ്ടുതന്നെ അതൊന്നും ഇവിടെ തിരഞ്ഞെടുപ്പ് വിഷയമാകുന്നില്ല.
രാഷ്ട്രീയ ചരിത്രം
സ്വതന്ത്ര ഭാരതത്തിൽ പഞ്ചാബ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഹരിയാന. ഭാഷാടിസ്ഥാനത്തിൽ പഞ്ചാബിന്റെ കിഴക്കൻ പ്രദേശത്തെ വിഭജിച്ച് 1966 നവംബർ ഒന്നിന് പുതിയ സംസ്ഥാനം രൂപീകരിച്ചു. കോൺഗ്രസ് നേതാവ് പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ്മയായിരുന്നു ആദ്യ മുഖ്യമന്ത്രി. എന്നാൽ അധികാരമേറ്റ് നാലരമാസത്തിനകം തന്നെ ഭരണമാറ്റമുണ്ടായി. വിശാൽ ഹരിയാന പാർട്ടിയുമായി റാവു ബരേന്ദർ സിംഗ് ഏഴുമാസത്തോളം ഭരിച്ചെങ്കിലും സ്ഥിരത ഉണ്ടായില്ല. സംസ്ഥാന രൂപീകരണത്തിന്റെ ഒന്നാം വാർഷികത്തോടെ രാഷ്ട്രപതിഭരണത്തിലേക്കാണ് ഹരിയാന പോയത്. 1968 മുതൽ പത്തുവർഷക്കാലം ബൻസിലാലിന്റെയും ബനാറസി ദാസ് ഗുപ്തയുടെയും കോൺഗ്രസ് സർക്കാരുകൾ ഹരിയാന ഭരിച്ചു. അടിയന്തരാവസ്ഥയുടെ ജനരോഷത്തിൽ ഹരിയാനയിലും ഭരണമാറ്റമുണ്ടായി.
ചൗധരി ദേവിലാലും ഭജൻലാലും 1977 - 80 കാലത്ത് ഹരിയാനയിലെ ജനതാപാർട്ടി സർക്കാരിനെ ഭരിച്ചു. പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചുപോയ ഭജൻലാൽ 1980ൽ അഞ്ച് വർഷം കോൺഗ്രസ് സർക്കാരിലും മുഖ്യമന്ത്രിയായി. 1987ൽ പഴയ ജനതാപാർട്ടി നേതാവ് ചൗധരി ദേവിലാൽ ജനതാദളിനെ നയിച്ച് വീണ്ടും ഹരിയാനയിൽ അധികാരത്തിലെത്തി. എന്നാൽ 1991ലെ നിയമസഭാ തിരഞ്ഞെടുപ്പിനിടയിൽ നാലുവർഷം കൊണ്ട് ദേവിലാൽ, ബനാറസി ദാസ് ഗുപ്ത, ഹുകാം സിംഗ്, ഓംപ്രകാശ് ചൗത്താല എന്നിവർ മുഖ്യമന്ത്രിമാരായി. നാലുവർഷത്തിനിടെ മൂന്നുവട്ടമാണ് ചൗത്താല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ജനതാദൾ ഭരണം തമ്മിലടിയുടെ പാരമ്യതയിൽ അവസാനിച്ചപ്പോൾ 1991ൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയ കോൺഗ്രസ് ഭജൻലാലിന്റെ നേതൃത്വത്തിൽ അഞ്ചുവർഷം തികച്ചു ഭരിക്കുകയും ചെയ്തു. 1996ൽ ഹരിയാന വികാസ് പാർട്ടിയുമായി എത്തിയ പഴയ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ബൻസിലാൽ മൂന്നുവർഷം കൂടി സംസ്ഥാനത്ത് ഭരണം നിർവഹിച്ചു. ഇതിനിടെ ജനതാദളിൽ നിന്നും വിട്ടുമാറിയ ഓംപ്രകാശ് ചൗത്താല രൂപീകരിച്ച ഇന്ത്യൻ നാഷണൽ ലോക്ദൾ 1999ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 90 സീറ്റുകളിൽ 47 സീറ്റുകളും നേടി അധികാരത്തിലെത്തി.
2005ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂപീന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിൽ 67 സീറ്റുകളോടെ ഹരിയാന പിടിച്ചടക്കിയ കോൺഗ്രസിന് പിന്നീട് സംസ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നില്ല. 2009ൽ സീറ്റുകളുടെ എണ്ണം 40 ആയി കുറഞ്ഞെങ്കിലും സ്വതന്ത്രരുടെയും ഹരിയാന ജനഹിത് കോൺഗ്രസിന്റെയും പിന്തുണയോടെ ഹൂഡ ഭരണം നിലനിറുത്തുകയായിരുന്നു. എന്നാൽ 2014 ലെ നിയമസഭാ ആകെയുള്ള 90 സീറ്റുകളിൽ 47ലും വിജയിച്ച് ബി.ജെ.പി അധികാരത്തിലെത്തി . കോൺഗ്രസിന് ലഭിച്ചതാകട്ടെ 15 സീറ്റുകൾ മാത്രമാണ്. മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിലെത്തി.
ജാതി വോട്ടാകുമ്പോൾ
ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ഘടകമാണ് ജാതി.സ്ഥാനാർത്ഥി നിർണയത്തിൽ മണ്ഡലത്തിന്റെ ജാതി സമവാക്യത്തിനാണ് പ്രഥമ പരിഗണന. പ്രബല സമുദായങ്ങളുടെ താൽപര്യങ്ങളാണ് മിക്കപ്പോഴും രാഷ്ട്രീയ പാർട്ടികളുടെ അജൻഡ തീരുമാനിക്കുന്നത്. ജാതി വോട്ടുകളുടെ സങ്കലനവും ഹരണവുമൊക്കെയാണ് തിരഞ്ഞെടുപ്പ് തന്ത്രം. ഹരിയാനയിലെ പ്രധാന ജാതി വിഭാഗമായ ജാട്ട് സമുദായത്തെ പുറത്തുനിർത്തിയാണ് ബി. ജെ .പി കഴിഞ്ഞ തവണ ഹരിയാനയിൽ ആദ്യമായി വേര് പിടിപ്പിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബി.ജെ.പി. അധികാരത്തിലെത്തിയപ്പോൾ ഹിന്ദു- സിഖ് മതങ്ങളിലായി വിഭജിക്കപ്പെട്ട ജാട്ട് സമുദായത്തിൽ പെടാത്ത മനോഹർ ലാൽ ഖട്ടറിനെ മുഖ്യമന്ത്രിയുമാക്കി.
ജാട്ട് വിഭാഗങ്ങൾക്ക് സാമുദായിക സംവരണത്തിന് വേണ്ടി സമരം നയിച്ച ഹരിയാനയിലെ രാഷ്ട്രീയം സങ്കീർണമാണ്. ജാട്ടുകളുടെ ശക്തമായ പ്രതിഷേധത്തിന് എൻ. ഡി. എ. സർക്കാരിന് സാക്ഷിയാകേണ്ടി വന്നു. സംവരണ വിഷയത്തിൽ തെരുവുകളിൽ അക്രമം അഴിച്ചുവിട്ടുകൊണ്ടാണ് ജാട്ട് വിഭാഗം സംസ്ഥാനത്തെ ബി. ജെ. പി. സർക്കാരിനെ വിറപ്പിച്ചത്. ഒടുവിൽ സർക്കാരിന് മുട്ടുമടക്കേണ്ടിവന്നു. ജാട്ടുകളുടെ സംവരണ ആവശ്യം അംഗീകരിച്ചു. ജാട്ടുകൾക്ക് സംവരണം നൽകിയ തീരുമാനം മറ്റു സമുദായങ്ങളെ പ്രകോപിപ്പിച്ചിരിക്കുകയാണെങ്കിലും തന്ത്രപരമായി അതിനെ നേരിടുകയാണ്.
രാഷ്ട്രീയവും കുടുംബപാരമ്പര്യവും
കുടുംബരാഷ്ട്രീയത്തിന് പ്രശസ്തി നേടിയ സംസ്ഥാനമാണ് ഹരിയാന. പാരമ്പര്യസ്വത്ത് കൈവശപ്പെടുത്തി രാഷ്ട്രീയപ്രവേശം നടത്തിയ മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ മകനായ ഓം പ്രകാശ് ചൗത്താലയുടെ പേരമകൻ ദുശ്യന്ത് ചൗട്ടാല ദേശീയ ലോക് ദളിനെ പ്രതിനിധീകരിച്ച് വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ എം. പിയായിരുന്നു. കാലാവധി അവസാനിക്കും മുമ്പ് ദുശ്യന്ത് പാർട്ടിയിൽനിന്ന് പുറത്തായി. അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ഇതിനിടെ ദുഷ്യന്ത് ജനനായക് ജനത പാർട്ടി (ജെ.ജെ.പി) രൂപീകരിച്ചു. പിതാവ് അജയ് ചൗട്ടാലയും സഹോദരൻ ദിഗ്വിജയ് ചൗട്ടാലയും ദുഷ്യന്തിനൊപ്പം നിന്നു.ഇതുപോലെ പ്രമുഖ നേതാക്കളും മക്കളും ഭാര്യമാരുമാണ് ഹരിയാനയിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്നത്. മനോഹർലാൽ ഖട്ടർ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർത്ഥിമുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബി.ജെ.പി. നിലവില മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. റോത്തക്കിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നേരിട്ടാണ് പ്രഖ്യാപനം നടത്തിയത് . കോൺഗ്രസിന്റെ പട്ടിക പുറത്ത് വന്നിട്ടില്ല.എൻ.സി.പി. ആദ്യ പട്ടിക പുറത്ത് വിട്ടിരുന്നു.