ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് സ്ഥാനത്തു നിന്ന് വി.കെ താഹിൽ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാൻ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചത് ജോലിയുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചകൾ കാരണമെന്ന് റിപ്പോർട്ട്.
കൃത്യവിലോപവും ക്രമവിരുദ്ധ നടപടിയും ഭരണകക്ഷിയിലെ മുതിർന്ന നേതാവുമായുള്ള അടുത്ത ബന്ധവും ഉൾപ്പെടെയുള്ള കാരണങ്ങളാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്നാണ് ഒരു ദേശീയ ദിനപത്രത്തിലെ റിപ്പോർട്ട്.
സ്ഥലംമാറ്റ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം കൊളീജിയം തള്ളിയതോടെ സെപ്തംബർ ആറിനാണ് ജസ്റ്റിസ് താഹിൽ രമണി ചീഫ്ജസ്റ്റിസ് സ്ഥാനം രാജിവച്ചത്. രമണിയുടെ രാജി ശനിയാഴ്ച രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും തിരക്കേറിയ ഹൈക്കോടതിയായിരുന്നിട്ടും മിക്ക ദിവസങ്ങളിലും താഹിൽ രമണി ഉച്ചയ്ക്കു ശേഷം കേസുകൾ പരിഗണിച്ചിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സുപ്രീംകോടതി ജസ്റ്റിസ് ഇന്ദിരാ ബാനർജി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ വിഗ്രഹമോഷണ കേസുകൾക്കായി രൂപീകരിച്ച ബെഞ്ച് കേസുകളുടെ അന്തിമ ഘട്ടത്തിൽ രമണി പിരിച്ചുവിട്ടു.
സംസ്ഥാനത്തെ ഭരണകക്ഷിയിലെ മുതിർന്ന നേതാവുമായി താഹിൽ രമണിക്ക് അടുത്ത ബന്ധമുണ്ടെന്ന് കൊളീജിയം കണ്ടെത്തിയതായും അടുത്തിടെ ചെന്നൈയിൽ ഇവർ രണ്ട് അപ്പാർട്ടുമെൻറുകൾ വാങ്ങിയതായും റിപ്പോർട്ടിലുണ്ട്.
താഹിൽ രമണിയുടെ സ്ഥലംമാറ്റം അസ്വാഭാവികമാണെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകർ ഒരുദിവസം കോടതി നടപടികൾ ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു. വിവാദം ശക്തമായതോടെ, വേണ്ടിവന്നാൽ സ്ഥലംമാറ്റത്തിന്റെ കാരണങ്ങൾ പുറത്തുവിടാൻ മടിയില്ലെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറൽ പറയുകയും ചെയ്തു.