ന്യൂഡൽഹി:അയോദ്ധ്യയിലെ ബാബ്റി പള്ളി തകർത്തതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചന കേസിൽ മുൻ രാജസ്ഥാൻ ഗവർണറും മുതിർന്ന ബി.ജെ.പി നേതാവുമായ കല്യാൺസിംഗിന് വിചാരണ കോടതിയുടെ നോട്ടീസ്. 27ന് ലക്നൗവിലെ സി.ബി.ഐ കോടതിയിൽ കല്യാൺസിംഗ് നേരിട്ട് ഹാജരാകണം.
കേസിൽ കല്യാൺ സിംഗിന്റെ വിചാരണ ആവശ്യപ്പെട്ട് സി.ബി.ഐ നൽകിയ അപേക്ഷയിലാണ് നടപടി. ഗവർണർ എന്ന നിലയിൽ കല്യാൺസിംഗിനു ലഭിച്ചിരുന്ന ഭരണഘടനാ പരിരക്ഷ ഇല്ലാതായതോടെയാണ് സി.ബി.ഐ കോടതിയെ സമീപിച്ചത്.1993-ൽ കല്യാൺസിംഗിനെതിരെ കുറ്റം ചുമത്തിയിരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
1992 ഡിസംബർ ആറിനാണ് ബാബ്റി പള്ളി തകർക്കപ്പെട്ടത്. സംഭവത്തിൽ മുതിന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവർക്കൊപ്പം ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് കല്യാൺസിംഗിനെതിരെ ചുമത്തിയത്. 2001 മേയിൽ സെഷൻസ് കോടതി കേസ് റദ്ദാക്കിയെങ്കിലും 2017 ഏപ്രിലിൽ സുപ്രീംകോടതി അത് പുനഃസ്ഥാപിച്ചു. രാജസ്ഥാൻ ഗവർണറായതിനാൽ കല്യാൺ സിംഗിനെ വിചാരണയിൽ നിന്ന് ഒഴിവാക്കിയ സുപ്രീംകോടതി, പദവി ഒഴിയുന്നതോടെ കുറ്റം ചുമത്താമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഗവർണർ പദവിയിലെ കാലാവധി പൂർത്തിയായ ശേഷം കഴിഞ്ഞ ഒൻപതിനാണ് കല്യാൺസിംഗ് ബി.ജെ.പി അംഗത്വമെടുത്ത് സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങിയത്.