maradu-flat-
maradu flat, supreme court, review petition,

ന്യൂഡൽഹി: മരടിൽ തീരദേശ നിയമം ലംഘിച്ച അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ ചീഫ് സെക്രട്ടറി ടോം ജോസിനെ വിളിച്ചുവരുത്തി അതിരൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, ഫ്ലാറ്റുകൾ പൊളിക്കാൻ സർക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്നും നിരീക്ഷിച്ചു. സർക്കാരിന്റെ സത്യവാങ്മൂലം ഒട്ടും തൃപ്തികരമല്ല. കോടതി ഉത്തരവിന്റെ അന്തഃസത്തയ്ക്കനുസരിച്ച് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാകുന്നതാണ് ഉള്ളടക്കമെന്നും ജസ്റ്റിസുമാരായ അരുൺമിശ്ര, രവീന്ദ്രബട്ട് എന്നിവരുടെ ബെഞ്ച് പറഞ്ഞു.

ഫ്ലാറ്റ് പൊളിക്കുന്നതിൽ വിശദമായ പദ്ധതി വെള്ളിയാഴ്ച സമർപ്പിക്കാമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. തുടർന്ന് ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

സംസ്ഥാനത്ത് തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക നൽകാൻ കോടതി ഉത്തരവിട്ടു. നിയമം ലംഘിച്ചവർക്കെതിരെ എന്ത് നടപടിയെടുത്തെന്നും വ്യക്തമാക്കണം. നിയമലംഘനങ്ങൾ സാധൂകരിക്കാനായി പൊതുജനാഭിപ്രായം ഇളക്കിവിടാനാണ് അധികൃതർ ശ്രമിച്ചത്. അതിനാൽ ലംഘനങ്ങൾക്ക് കൂട്ടുനിന്നവർക്കെതിരെയും നടപടിയെടുക്കേണ്ട സമയമായി. ഭാവിയിൽ ഇത്തരം ലംഘനങ്ങൾ തടയാനുള്ള വ്യക്തമായ പദ്ധതി സമർപ്പിക്കണം.

തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതിയില്ലാതെയാണ് മരടിൽ കെട്ടിടങ്ങൾ നിർമ്മിച്ചത്. ഇത്തരം നിയമലംഘനങ്ങളുടെ കൂടി ഭാഗമായി 2018ൽ കടുത്ത നാശനഷ്ടം കേരളം അനുഭവിച്ചു. മനുഷ്യ ജീവനും സ്വത്തിനും അതി ഭീകരമായ നാശനഷ്ടമുണ്ടായി. ഈ രാജ്യം മുഴുവൻ കൂടെ നിന്നു. അധികൃതർ നിയമലംഘനങ്ങൾക്ക് നേരെ കണ്ണടച്ചെന്നും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

ഒരു മാസത്തിനകം അപ്പാർട്ട്മെന്റുകൾ പൊളിക്കണമെന്ന മേയ് എട്ടിലെ ഉത്തരവ് നടപ്പാക്കാത്തതിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി, ഈ മാസം 20നകം ഫ്ലാറ്റുകൾ പൊളിച്ച് റിപ്പോർട്ട് സമർപ്പിക്കാനും 23ന് ചീഫ്സെക്രട്ടറി നേരിട്ട് ഹാജരാകാനും കർശന നിർദ്ദേശം നൽകിയിരുന്നു. നടപടി തുടങ്ങിയെന്നും ഒറ്റയടിക്ക് പൊളിക്കൽ പ്രായോഗികമല്ലെന്നുമാണ് വെള്ളിയാഴ്ച ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകിയത്. നേരിട്ട് ഹാജരാകുന്നതിൽ ഇളവ് നൽകണമെന്ന് ടോംജോസ് അപേക്ഷിച്ചിരുന്നെങ്കിലും നിയമോപദേശത്തെ തുടർന്ന് ഇന്നലെ കോടതിയിലെത്തുകയായിരുന്നു.

കോടതിയെ

വിഡ്ഢിയാക്കരുത്

ഇന്നലെ ഹർജി പരിഗണിച്ചയുടൻ സംസ്ഥാന സർക്കാരിനായി ഹരീഷ് സാൽവെ വാദം തുടങ്ങാൻ ഒരുങ്ങി. എന്നാൽ ചീഫ് സെക്രട്ടറി എവിടെയെന്ന് ജസ്റ്റിസ് അരുൺമിശ്ര ആരാഞ്ഞു. പിന്നിൽ നിന്ന ചീഫ് സെക്രട്ടറിയെ മുന്നിലേക്ക് വിളിച്ചുവരുത്തിയ അരുൺമിശ്ര, ഫ്ലാറ്റുകൾ പൊളിക്കാൻ എത്ര സമയം വേണമെന്ന് ചോദിച്ചു. നിങ്ങളെന്താണ് ചെയ്യുന്നതെന്ന് അറിയാം. കോടതി വിധിയെ വിമർശിച്ച് മിക്കദിവസങ്ങളിലും ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നു. നിയമവിരുദ്ധ നിർമ്മാണങ്ങൾ തടയാത്തതിന് നിങ്ങളാണ് ഉത്തരവാദികൾ. കോടതിയെ വിഡ്ഢിയാക്കാൻ നോക്കരുതെന്നും സർക്കാരിന്റെ നടപടി ധിക്കാരപരമാണെന്നും കുറ്റപ്പെടുത്തി. എന്തെങ്കിലും പ്രകൃതി ദുരന്തമുണ്ടായാൽ ആദ്യം ബാധിക്കുക മരടിലെ ഫ്ലാറ്റുകളിൽ താമസിക്കുന്ന 350 ഓളം കുടുംബങ്ങളെയാകും. നിയമലംഘനത്തിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തേണ്ടതുണ്ട്.


കളിക്കുന്നത്

പ്രകൃതിയുമായി

നിങ്ങൾ പ്രകൃതിയുമായാണ് കളിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ ഇരകൾക്ക് എത്ര വീടുകൾ വച്ചുനൽകി?- ബെഞ്ച് വാക്കാൽ ചോദിച്ചു. ഞങ്ങൾ ഞെട്ടിയിരിക്കുകയാണ്. പ്രകൃതി ദുരന്തത്തിൽ ആയിരങ്ങൾക്ക് ജീവനും സ്വത്തും നഷ്ടമാകുമ്പോഴും നിയമലംഘനങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കുകയാണ്. കേരളത്തിലുടനീളം നശീകരണ പ്രവർത്തനങ്ങൾ നടക്കുന്നു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ വ്യക്തിപരമായി തന്നെ ചീഫ് സെക്രട്ടറി ഉത്തരവാദിത്വമേൽക്കേണ്ടി വരും. കുറ്റകരമായ അനാസ്ഥയ്ക്ക് ചീഫ് സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യാനാകുമെന്ന് മുന്നറിയിപ്പും നൽകി.