amith-shah
amith shah

ന്യൂഡൽഹി: മൊബൈൽ ആപ്പിന്റെ സഹായത്തോടെ ജനങ്ങൾ സ്വയം വിവരങ്ങൾ നൽകുന്ന ഡിജിറ്റൽ സെൻസസ് ആകും 2021ൽ നടത്തുകയെന്നും രാജ്യത്ത് ഒറ്റ തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ സെൻസസ് കമ്മിഷണറുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ കല്ലിടൽ കർമ്മം നിർവഹിക്കുകയായിരുന്നു ഷാ.

ആധാർ നമ്പർ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ, പാസ്‌പോർട്ട് നമ്പർ വിവരങ്ങൾ അടങ്ങിയ ഒറ്റ വിവിധോദ്ദേശ്യ കാർഡ് പുറത്തിറക്കാനാണ് ആലോചന. ദേശീയ പൗരത്വ രജിസ്‌റ്ററിലേക്കുള്ള വിവരങ്ങളും സെൻസസിനൊപ്പം ശേഖരിക്കും.

ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന മൊബൈൽ ആപ്പിലൂടെയാകും സെൻസസ് വിവരങ്ങൾ ശേഖരിക്കുക. ജനങ്ങൾക്ക് കുടുംബാംഗങ്ങളുടെ വിവരം മൊബൈൽ ഫോൺ വഴി നൽകാം. 16 ഭാഷയിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാം.

കുട്ടികൾക്ക് 18 വയസാകുമ്പോൾ വോട്ടർ പട്ടികയിൽ പേരു ചേർക്കാനും മരിക്കുന്നവരുടെ പേര് സെൻസസ് പട്ടികയിൽ നിന്ന് നീക്കാനും ഡിജിറ്റൽ സംവിധാനത്തിൽ സൗകര്യമുണ്ടാകും.12000 കോടി രൂപ സെൻസസ്, പൗരത്വ രജിസ്‌റ്റർ നടപടിക്രമങ്ങൾക്ക് നീക്കിവച്ചിട്ടുണ്ട്.

ജനന മരണ രജിസ്ട്രേഷൻ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തിയാൽ 18 വയസാകുന്നവരെ ചേർക്കാനും മരിക്കുന്നവരുടെ പേര് ഒഴിവാക്കാനും കഴിയും. ഇതുവഴി നിയമ ലംഘനങ്ങളും ലിംഗസമത്വ പ്രശ്‌നങ്ങളും തൊഴിലുറപ്പ് പദ്ധതിയിലെ കുറവുകളും പരിഹരിക്കപ്പെടും. കുടിവെള്ള വിതരണം, റോഡ് കണക്‌ടിവിറ്റി, വൈദ്യുതി, പൊതുജന സേവനങ്ങൾ എന്നിവ ആവിഷ്‌കരിക്കാൻ സെൻസസ് വിവരങ്ങൾ സഹായകമാകും.

രാജ്യത്തെ 16-ാമത്തെയും സ്വാതന്ത്ര്യാനന്തരമുള്ള എട്ടാമത്തെയും സെൻസസ് ആണ് 2021ൽ നടക്കാൻ പോകുന്നത്.

121 കോടി

2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ