ന്യൂഡൽഹി : മോഷ്ടാക്കളിൽ നിന്ന് ഡൽഹിയിൽ മന്ത്രിക്കും രക്ഷയില്ല. കഴിഞ്ഞ ദിവസം ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിന്റെ വീട്ടിലെ മോഷണ വിവരം ട്വിറ്ററിലാണ് അദ്ദേഹം പങ്കുവച്ചത്.
സാമൂഹ്യ വിരുദ്ധർക്കും കള്ളന്മാർക്കും ഡൽഹി പൊലീസിനെ പേടിയില്ലെന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ഫോട്ടോകൾ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഗേറ്റ് തുറന്നു കിടക്കുന്നതു കണ്ട് അയൽവാസികളിൽ ചിലരാണ് വിവരം പറഞ്ഞത്. വീട് തുറന്നു നോക്കിയപ്പോൾ, അടുക്കളയിലെയും ബാത്ത് റൂമിലെയും പൈപ്പുകളും അലങ്കാര വസ്തുക്കളുമൊക്കെ അടിച്ചുമാറ്രിയിരിക്കുന്നു- ജയിൻ പറയുന്നു. ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്.
കള്ളന്മാരുടെ പറുദീസ
രാജ്യ തലസ്ഥാനം കള്ളന്മാരുടെ പറദീസയാണ്. ഫോൺ, പഴ്സ് എന്നുവേണ്ട എന്തും മോഷ്ടിക്കപ്പെടാം. അതിനി വീട്ടിലായാലും നിരത്തിലായാലും. മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുടെ സംസ്കാര ചടങ്ങിനിടെ ബി.ജെ.പി എം.പി ബാബുൽ സുപ്രിയോയുടേതടക്കം ഇരുപത് മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത്. എന്നാൽ, കേസുകളുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ടെന്നാണ് പൊലീസിന്റെ അവകാശവാദം. ഒരു പ്രയോജനവുമില്ലാത്തതു കൊണ്ട് പരാതിപ്പെടാറില്ലെന്നാണ് ഇതിന് ഡൽഹി നിവാസികളുടെ മറുപടി.
ഡൽഹി നഗരത്തിലെ
മോഷണക്കേസുകൾ
2015 : 9,896
2016 : 9,571
2017 : 8,231
2018 : 6,932
2019 : 4,273 (ഇതുവരെ)