manmohan-and-sonia-met-ch

ന്യുഡൽഹി : ഐ.എൻ.എക്‌സ് മീഡിയാ കേസിൽ തിഹാർ ജയിലിൽ തുടരുന്ന പി. ചിദംബരത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും മുൻ പ്രധാനന്ത്രി മൻമോഹൻ സിംഗും ജയിലിലെത്തി സന്ദർശിച്ചു. ചിദംബരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇരുവരുടെയും സന്ദർശനം.

ചിദംബരത്തിന് മേൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇരുവരുടെയും സന്ദർശനത്തിന് ശേഷം പി. ചിദംബരത്തിനായി അദ്ദേഹത്തിന്റെ കുടുംബം ട്വീറ്റ് ചെയ്തിരുന്നു. നേതാക്കൾക്കൊപ്പം ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും ജയിലിലെത്തിയിരുന്നു. കോൺഗ്രസിൽ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും കാർത്തി പ്രതികരിച്ചു.

കഴിഞ്ഞ ആഴ്ച കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ എന്നിവരും ചിദംബരത്തെ സന്ദർശിച്ചിരുന്നു. ചിദംബരം ധനമന്ത്രിയായിരിക്കെ 2007ൽ ഐ.എൻ.എക്‌സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന കേസിലാണ് പി. ചിദംബരത്തെ ആഗസ്റ്റ് 21 ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്.