k-v-thomas

ന്യൂഡൽഹി: മുൻ എം.പിയും മുതിർന്ന നേതാവുമായ കെ.വി തോമസ് ഡൽഹിയിലെത്തി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു. എറണാകുളം നിയമസഭാ സീറ്റിനായി കോൺഗ്രസിൽ നേതാക്കൾ അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച. പ്രവർത്തക സമിതി അംഗം എ.കെ ആന്റണി, മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേൽ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പാർട്ടിയിൽ അർഹമായ പരിഗണന നൽകുമെന്ന് കെ.വി തോമസിന് സോണിയ ഗാന്ധി ഉറപ്പ് നൽകിയിരുന്നു. ഇതുവരെ പാർട്ടിയിൽ കാര്യമായ പദവി ഒന്നും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.

എന്നാൽ സീറ്റിന് അവകാശവാദമുന്നയിച്ചില്ലെന്നും ചർച്ചകളുണ്ടായാൽ അഭിപ്രായം അറിയിക്കുമെന്നും കെ.വി തോമസ് പ്രതികരിച്ചു. സോണിയഗാന്ധിയുമായുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചതാണെന്നും രാഹുൽ ഗാന്ധിയെയും കാണുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഹൈബി ഈഡൻ എം.പിയും ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തിയിട്ടുണ്ട്.