annie-raja

ന്യൂഡൽഹി: പ്രത്യേകപദവി റദ്ദാക്കിയതിനുശേഷം ജമ്മു കാശ്മീരിൽ സൈന്യം വംശഹത്യ നടത്തുകയാണെന്നും ജനങ്ങൾ ഭീതിജനകമായ അവസ്ഥയിലാണ് ജീവിക്കുന്നതെന്നും കാശ്മീർ സന്ദർശിച്ച വനിതാ നേതാക്കൾ പറഞ്ഞു. ഡൽഹി പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആനിരാജ, കവൽജീത് കൗർ, പങ്കുടി സഹീർ (നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വിമൻ), പൂനം കൗശിക് (പ്രഗതിശീൽ മഹിളാ സംഘടൻ), സൈദ ഹമീദ് (മുസ്ളിം വിമൻസ് ഫോറം) എന്നിവർ സ്ഥിതിഗതികൾ സാധാരണനിലയിലെത്തിയെന്ന കേന്ദ്ര സർക്കാരിന്റെ വാദം കളവാണെന്ന് ആരോപിച്ചത്.

കാശ്മീരിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഡോക്ടർമാർ, സൈനികർ, പൊലീസുകാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ കഴിഞ്ഞ 17 മുതൽ 21 വരെയാണ് സംഘം സന്ദർശിച്ചത്. പ്രത്യേകപദവി നീക്കിയ നടപടിക്ക് ഒരിക്കലും മാപ്പുനൽകാനാവില്ലെന്ന് ജനങ്ങൾ ഒരേസ്വരത്തിൽ പറയുന്നു. സൈന്യത്തിന്റെ അതിക്രമത്തിൽ പെൺകുട്ടികൾക്ക് ശക്തമായ എതിർപ്പാണുള്ളത്. നിയന്ത്രണങ്ങൾ തുടരുകയാണ്. ജനങ്ങൾക്ക് സ്വാതന്ത്ര്യമില്ല. പല വീടുകളിലെയും കുട്ടികളെ സൈന്യം പിടിച്ചുകൊണ്ടുപോയി. അവരെക്കുറിച്ച് മാതാപിതാക്കൾക്ക് യാതൊരു വിവരവുമില്ല. 13,000 യുവാക്കൾ ജയിലിലാണ്. ആരോഗ്യസേവനം, വാർത്താവിനിമയസംവിധാനം എന്നിവ ലഭ്യമല്ല. സ്ഥിതിഗതികൾ സാധാരണനിലയിലാക്കാൻ സൈന്യത്തെയും അർദ്ധസൈന്യത്തെയും ഉടൻ പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ജയിലിൽ അടച്ചിരിക്കുന്നവരുടെ പേരിലുള്ള കേസുകൾ പിൻവലിച്ച് അവരെ മോചിപ്പിക്കണം. സൈനികരും മറ്റു സുരക്ഷാസേനകളും നടത്തിയ അതിക്രമത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.