ന്യൂഡൽഹി: സോഷ്യൽ മീഡിയയുടെ ദുരുപയോഗം അപകടകരമായ അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അതിന് കടിഞ്ഞാണിടാൻ എത്രയും വേഗം നിയമ നിർമ്മാണം നടത്തണമെന്നും കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകി.
മൂന്നാഴ്ചയ്ക്കകം ഇതുസംബന്ധിച്ച വിശദമായ സത്യവാങ്മൂലം കേന്ദ്ര ഐ.ടി മന്ത്രാലയം സമർപ്പിക്കണം.
മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കുമ്പോൾ വ്യക്തികളുടെ സ്വകാര്യത, രാജ്യത്തിന്റെ പരമാധികാരം, രാജ്യസുരക്ഷ, നിയമവിരുദ്ധ പ്രവർത്തനം തടയൽ എന്നിവ പരിഗണിക്കണമെന്നും ജസ്റ്റിസ്‌മാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം അപകടകരമാവുകയാണ്. എത്രയും വേഗം ഇക്കാര്യം സർക്കാർ കൈകാര്യം ചെയ്യേണ്ടതുണ്ട്. സുപ്രീംകോടതിയോ ഹൈക്കോടതിയോ അല്ല മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കേണ്ടത്. നയങ്ങൾ സർക്കാരാണ് തീരുമാനിക്കേണ്ടത്. സോഷ്യൽമീഡിയ അക്കൗണ്ട് വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാകുമ്പോൾ വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം. ശക്തമായ മാർഗനിർദ്ദേശങ്ങളുണ്ടാക്കണം. എന്നാൽ സ്വകാര്യതയും സംരക്ഷിക്കപ്പെടണം. ഒരു പൊലീസ് കമ്മിഷണർ ആവശ്യപ്പെട്ടുവെന്ന ഒറ്റക്കാരണത്താൽ വ്യക്തിവിവരങ്ങൾ മുഴുവൻ വെളിപ്പെടുത്തുന്ന സാഹചര്യവുണ്ടാകരുതെന്നും ബെഞ്ച് നിർദ്ദേശിച്ചു. ആധാറും സോഷ്യൽ മീഡിയ അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ്, ബോംബെ, മദ്ധ്യപ്രദേശ് ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. ഒക്ടോബർ 22ന് വീണ്ടും വാദം കേൾക്കും.
5 മിനിട്ടിൽ വാങ്ങാം, ഒരു എ.കെ 47 !
സ്‌മാർട്ട് ഫോൺ ഉപേക്ഷിച്ച് പഴയ മൊബൈൽ ഫോണിലേക്ക് മടങ്ങുന്നത് ആലോചിക്കുകയാണെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു.'' ഏതോ ഒരാൾക്ക് എന്നെ ട്രോളാനും എന്നെക്കുറിച്ച് നുണപ്രചരിപ്പിക്കാനും അവസരം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. വ്യക്തികളെ ട്രോളിയാൽ അവരെന്ത് ചെയ്യും? കുറ്റവാളികൾക്ക് കുറ്റകൃത്യം ചെയ്യാനുള്ള സാങ്കേതിക വിദ്യയുണ്ടെങ്കിൽ അത് തടയാനും അവരെ കണ്ടെത്താനുമുള്ള സാങ്കേതികവിദ്യയും ഇവിടെയുണ്ട്. ഇന്റർനെറ്റിനെക്കുറിച്ചല്ല, നമ്മുടെ രാജ്യത്തെക്കുറിച്ചാണ് ആകുലപ്പെടേണ്ടത്. ചിലയാളുകൾ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന രീതി അപകടകരമാണ്''. അഞ്ചു മിനിട്ടിനുള്ളിൽ ഒരു എ.കെ 47 തോക്ക് വാങ്ങാൻ സാധിക്കുന്ന സാഹചര്യമാണുള്ളതെന്നും ദീപക് ഗുപ്ത നിരീക്ഷിച്ചു.