-ajith
AJITH, pink. amithabh bachan

ന്യൂഡൽഹി: ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ തിരഞ്ഞെടുത്തു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. ബച്ചനെ ഏകകണ്ഠമായി തിരഞ്ഞെടുത്തതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നൽകിയ വിശിഷ്ട സേവനത്തിന് എല്ലാവർഷവും നൽകുന്നതാണ് പുരസ്കാരം.

1969ൽ സാത് ഹിന്ദുസ്ഥാനി എന്നി ചിത്രത്തിലൂടെയാണ് ബച്ചന്റെ സിനിമാ പ്രവേശം. ഈവർഷം മാർച്ചിൽ പുറത്തിറങ്ങിയ ബദ്‌ലയാണ് അവസാനം റിലീസായത്. അഗ്നിപഥ്, ബ്ലാക്ക്, പാ, പികു എന്നീ സിനിമകളിലെ പ്രകടനത്തിന് നാലുതവണ മികച്ചനടനുള്ള ദേശീയപുരസ്കാരം ലഭിച്ചു. 1984ൽ പത്മശ്രീ, 2001ൽ പത്മഭൂഷൺ, 2015ൽ പത്മവിഭൂഷൺ അംഗീകാരങ്ങളും തേടിയെത്തി. 2007ൽ ഫ്രാൻസിലെ പരമോന്നത സിവിലിയൻ പുരസ്കാരവും ലഭിച്ചു.

ഉത്തർപ്രദേശിലെ അലഹബാദിൽ 1942 ഒക്ടോബർ 11നാണ് ജനനം. നടിയും സമാജ്‌വാദി പാർട്ടിയുടെ രാജ്യസഭാംഗവുമായ ജയ ബച്ചനാണ് ഭാര്യ. മക്കൾ: ബോളിവുഡ് താരം അഭിഷേക് ബച്ചൻ, ശ്വേത ബച്ചൻ. നടി ഐശ്വര്യ റായിയാണ് മരുമകൾ.