ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ നിയമ വിദ്യാർത്ഥിയെ കവർച്ചക്കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. വ്യാജ പീഡന പരാതി നൽകി തന്നെ ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ അപഹരിക്കാൻ ശ്രമിച്ചെന്ന് ചിന്മയാനന്ദ നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചതിന് പിന്നാലെയാണ് ഇന്നലെ രാവിലെ 9.15ന് വീട്ടിൽ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.
ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് വിനീത് കുമാറിന്റെ മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചിന്മയാനന്ദയെ ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ പെൺകുട്ടി അപഹരിക്കാൻ ശ്രമിച്ചതിന്റെ വ്യക്തമായ രേഖകൾ തങ്ങൾക്ക് ലഭിച്ചെന്ന് പൊലീസ് പറയുന്നു. പ്രധാന തെളിവായ ശബ്ദസന്ദേശങ്ങൾ അടങ്ങിയ പെൻഡ്രൈവും മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് ചിന്മയാനന്ദയ്ക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചതെന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായവർ മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടികളുടെ സുഹൃത്തുക്കളായ സച്ചിൻ, വിക്രം തുടങ്ങി അഞ്ച് പേരും കേസിൽ റിമാൻഡിലാണ്.
അതേസമയം, രാവിലെ വീട്ടിലേക്ക് ഇരച്ചുകയറിയ പൊലീസ് പെൺകുട്ടിയെ ബലമായി വലിച്ചിഴച്ചുകൊണ്ട് പോവുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ചെരുപ്പുപോലും ധരിക്കാൻ പൊലീസ് അനുവദിച്ചില്ല. അറസ്റ്റ് 'മെമ്മോ'യിൽ തന്നെ നിർബന്ധിച്ച് ഒപ്പുവയ്പിച്ചുവെന്നും പെൺകുട്ടിയുടെ പിതാവ് പറയുന്നു. ചിന്മയാനന്ദ നൽകിയ കേസിൽ പെൺകുട്ടി അലഹബാദ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് ജാമ്യം നിഷേധിച്ചു. പെൺകുട്ടിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
ചിന്മയാനന്ദയ്ക്ക് ആശുപത്രിയിൽ സുഖവാസം
പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിലായ ചിന്മയാനന്ദയെ (72) രണ്ട് ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസമായി ഇയാൾ റിമാൻഡിലാണ്. കഴിഞ്ഞദിവസം ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി നിഷേധിക്കുകയായിരുന്നു. യു.പിയിലെ ശക്തനായ ബി.ജെ.പി നേതാവും മുൻമന്ത്രിയുമാണ് ചിന്മയാനന്ദ. മൂന്നു തവണ ബി.ജെ.പി ടിക്കറ്റിൽ എം.പിയുമായിട്ടുണ്ട്. ഒരു വർഷത്തോളം തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നും ശരീരം തിരുമ്മിച്ചുവെന്നുമാണ് 23കാരിയായ നിയമ വിദ്യാർത്ഥിനി പരാതിയിൽ പറയുന്നത്.
ചിന്മയാനന്ദ പാർട്ടി അംഗമല്ലെന്ന് ബി.ജെ.പി
ചിന്മയാനന്ദ നിലവിൽ ബി.ജെ.പി അംഗമല്ലെന്ന് പാർട്ടി വക്താവ് ഹരീഷ് ശ്രീവാസ്തവ. ആരോപണം ഉയർന്ന് ഒരു മാസത്തിനു ശേഷമാണ് ബി.ജെ.പിയുടെ ആദ്യ ഔദ്യോഗിക പ്രതികരണം വരുന്നത്. ചിന്മയാനന്ദ പാർട്ടി അംഗമല്ലെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നുമാണ് പാർട്ടി സംസ്ഥാന വക്താവ് ഹരീഷ് ശ്രീവാസ്തവ പറഞ്ഞത്. എന്നാൽ, എന്നു മുതലാണ് ചിന്മയാനന്ദ ബി.ജെ.പി അംഗമല്ലാതായതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഹരീഷ് തയ്യാറായില്ല.