ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്ന് സുപ്രീംകോടതി വിധിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ ഭരണഘടന നൽകുന്ന പരിരക്ഷ യുക്തമായ നിയന്ത്രണത്തിന് വിധേയമാണെന്നും ജസ്റ്റിസ് ഇന്ദുമൽഹോത്ര അദ്ധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. ആന്ധ്രസർക്കാരിന്റെ ഉത്തരവുകൾക്കെതിരായ ഹർജികൾ തള്ളിയാണ് സുപ്രീകോടതിയുടെ നിരീക്ഷണം.

ന്യൂനപക്ഷ കോളേജിൽ മാനേജ്‌മെന്റ്‌ ക്വോട്ടയിൽ ബി.എഡ് പ്രവേശനത്തിന് സെക്കൻഡറി സ്‌കൂൾ സർട്ടിഫിക്കറ്റോ (എസ്. എസ്. സി ), ടി.സിയോ ഹാജരാക്കണമെന്നും മാനേജ്‌മെന്റ്‌ ക്വോട്ടയിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രവേശനം നടത്തുമ്പോൾ സർക്കാർ പ്രതിനിധിയുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും ആന്ധ്രസർക്കാർ ഇറക്കിയ ഉത്തരവുകളെയാണ് ന്യൂനപക്ഷ സ്ഥാപനങ്ങൾ ചോദ്യം ചെയ്‌തത്.

ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ ഭരണഘടനയുടെ ആർട്ടിക്കിൾ 30 (1) നൽകുന്ന അവകാശം ഹനിക്കുന്നതാണ് ഉത്തരവുകളെന്ന് ഹർജിക്കാർ വാദിച്ചു. അത് തള്ളിയ ആന്ധ്ര സർക്കാർ മതപരിവർത്തന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം ന്യൂനപക്ഷകോളേജിലെ മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം നൽകുന്നതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി. പ്രവേശനം ലഭിക്കാൻ ഒറ്റരാത്രികൊണ്ട് വിദ്യാർത്ഥികൾ മതപരിവർത്തന സർട്ടിഫിക്കറ്റുകൾ ഹാജരാക്കുകയാണ്. ചില വിദ്യാർത്ഥികൾ മാമോദിസ സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കി പ്രവേശനം നേടിയതായും സർക്കാർ വാദിച്ചു. സർക്കാർ വാദങ്ങൾ ശരിവച്ച സുപ്രീംകോടതി ഭരണഘടനാ പരിരക്ഷ യഥാർത്ഥ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനാണെന്നും പ്രവേശന നടപടികളിൽ സ്ഥാപനങ്ങൾക്ക് പരമാധികാരമില്ലെന്നും വ്യക്തമാക്കി.