shamika-

ന്യൂഡൽഹി: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പരാതിപ്പെട്ട സാമ്പത്തിക വിദഗ്ദരെ പുറത്താക്കി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ പുനസംഘടിപ്പിച്ചു.താൽക്കാലിക അംഗങ്ങളായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഫിനാൻസ് ആൻ്റ് പോളിസിയിലെ രത്തിൻ റോയ്, ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ ശാമിക രവി എന്നിവരെയാണ് പുറത്താക്കിയത്.

ബിബേക് ദെബോയ് ചെയർമാനായി തുടരും. രത്തൻ പി. വാദൽ മെമ്പർ സെക്രട്ടറിയും.ഇവർക്ക് പുറമേ രണ്ട് സ്ഥിര അംഗങ്ങളും രണ്ട് പാർട്ട് ടൈം അംഗങ്ങളുമുണ്ട്. അസിമ ഗോയൽ, സാജിദ് ചിന്തോയ് എന്നിവരാണ് സ്ഥിര അംഗങ്ങൾ.ചെയർമാനും സെക്രട്ടറിയും ഒഴികെ നേരത്തെ അഞ്ച് അംഗങ്ങളുണ്ടായിരുന്നു. എന്നാൽ പുതിയ കൗൺസിലിൽ നാല് പേരാക്കി ചുരുക്കി.2019 സെപ്റ്റംബർ 26 മുതൽ രണ്ട് വർഷമാണ് കൗൺസിലിൻ്രെ സമയപരിധി.

രത്തിൻ റോയ്, ശാമിക രവി എന്നിവരെ പുറത്താക്കിയതിന് യാതൊരു വിശദീകരണവും കേന്ദ്രസർക്കാർ നൽകിയിട്ടില്ല. ട്വിറ്ററിൽ സജീവമായ ഇരുവരും പ്രധാനമന്ത്രിയുടേയും ധനമന്ത്രിയുടേയും സാമ്പത്തിക പരിഷ്കരങ്ങൾക്ക് എതിരെ പലപ്പോഴും രംഗത്തെത്തിയിട്ടുണ്ട്.രാജ്യം സാമ്പത്തിക മാദ്ധ്യത്തിലാണെന്നും പരിഷ്കാരങ്ങളല്ല മറിച്ച് പുത്തൻ ആശയങ്ങളിലൂടെ സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്തണമെന്നും ഇരുവരും പലപ്രാവശ്യം വാദിച്ചിട്ടുണ്ട്.