iit

ന്യൂഡൽഹി: പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ബി.ടെക് വിദ്യാർത്ഥികളെ ബി.എസ്‌സി എൻജിനിയറിംഗ് ബിരുദം നൽകി ഐ.ഐ.ടികളിൽ നിന്ന് പുറത്താക്കാനുള്ള ആലോചനയുമായി മാനവ വിഭവ ശേഷി മന്ത്രാലയം. നാല് വർഷത്തെ ബി.ടെക് പഠനത്തിനെത്തുന്ന വിദ്യാർത്ഥികളിൽ പലരും സപ്ലികളുമായി ഐ.ഐ.ടി കാമ്പസുകളിൽ തന്നെ ചുറ്റിത്തിരിയുന്നതായി റിപ്പോർട്ട് ലഭിച്ച പശ്ചാത്തലത്തിലാണ് പുതിയ പരിഷ്കാരത്തിന് ഒരുങ്ങുന്നത്.

മാനവ വിഭവ ശേഷി മന്ത്രി അദ്ധ്യക്ഷനായ ഐ.ഐ.ടി കൗൺസിലിന്റെ പരിഗണനയിലാണ് നിർദ്ദേശം. രാജ്യത്ത് 23 ഐ.ഐ.ടികളാണുള്ളത്. ഐ.ഐ.ടികളിൽ ബിരുദ - ബിരുദാനന്തര പഠനത്തിനായി ചേർന്ന 2,461 വിദ്യാ‌‌ത്ഥികളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് കാമ്പസുകൾ വിട്ടത്. ഇതിൽ 57 ശതമാനം വിദ്യാർത്ഥികളും ഡൽഹി, ഗോരഖ്പൂർ ഐ.ഐ.ടികളിൽ നിന്നുള്ളവരാണ്.

പലരും അക്കാഡമിക മികവ് കാണിക്കാൻ കഴിയാത്തതിനാൽ പുറത്താക്കപ്പെട്ടവരാണ്. കാൺപൂർ ഐ.ഐ.ടി കഴിഞ്ഞ വർഷം പുറത്താക്കിയ 18 വിദ്യാർത്ഥികളിൽ പകുതിപ്പേരും ബി.ടെക് വിദ്യാർത്ഥികളാണ്. ഇതിനാലാണ് മൂന്നാം വർഷം ബി.എസ്‌സി എൻജിനിയറിംഗ് ബിരുദവുമായി കാമ്പസ് വിടാൻ വിദ്യാർത്ഥികൾക്ക് അധികൃതർ അവസരമൊരുക്കുന്നത്.

അടുത്ത അദ്ധ്യയന വർഷം മുതൽ പരിഷ്കാരം നിലവിൽ വരാനാണ് സാദ്ധ്യത.

2018ലെ കൊഴിഞ്ഞ് പോക്ക്