ന്യൂഡൽഹി: വിവിധ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരവും കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറും തിഹാർ ജയിലിൽ കഴിയവെ ബിസിനസുകാരനും കോൺഗ്രസ് ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്രയെ ലക്ഷ്യംവച്ച് എൻഫോഴ്സമെൻറ്.
വിദേശത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വാദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതിയിൽ എൻഫോഴ്സ്മെൻറ് ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പണമിടപാടിൽ വാദ്രയ്ക്ക് നേരിട്ട് ബന്ധമുണ്ട്. വാദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്രശേഖർ മുമ്പാകെ ഇ.ഡി ബോധിപ്പിച്ചു.
എന്നാൽ വാദ്ര അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചെയ്യാത്ത കുറ്റം സമ്മതിക്കാത്തത് നിസ്സഹകരിക്കൽ അല്ലെന്നും വാദ്രയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് കേസ് അന്തിമവാദത്തിനായി നവംബർ 5ലേക്ക് മാറ്റി. ഡൽഹി റോസ് അവന്യു സി.ബി.ഐ കോടതിയുടെ അനുമതിയോടെ സ്പെയിൻ സന്ദർശനം നടത്തുന്ന വാദ്ര ഈ മാസം അവസാനത്തോടെ മടങ്ങിയെത്തിയേക്കും.
ലണ്ടനിലെ ബ്രിസ്റ്റൺ സ്ക്വയറിൽ 17.77 കോടി വിലയുള്ള സ്വത്ത് വാങ്ങിയതിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കേസ്. ലണ്ടനിൽ വാദ്രയ്ക്ക് സ്വന്തമോ, ബിനാമി പേരിലോ 110 കോടി മൂല്യമുള്ള 9 സ്വത്തുവകകളുണ്ടെന്നും ഇ.ഡി ആരോപിക്കുന്നു. യു.പി.എ സർക്കാരിൻറെ കാലത്ത് പെട്രോളിയം ഇടപാടുകളുമായി ബന്ധപ്പെട്ട്കോഴയായി ലഭിച്ചതാണ് ലണ്ടനിലെ സ്വത്തുക്കളെന്നാണ് ആരോപണം. 2005 -2010 കാലങ്ങളിലാണ് ഇവ വാങ്ങിയത്.
നിരവധി തവണ വാദ്രയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് വാദ്രയുടെ നിലപാട്. ഉപാധികളോടെ ഏപ്രിൽ ഒന്നിന് സി.ബി.ഐ കോടതി വാദ്രയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മേയ് 24നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്.
രാജസ്ഥാനിലെയും ഹരിയാനയിലെയും വിവിധ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടും വാദ്രയ്ക്കെതിരെ ക്രമക്കേട് ആരോപണങ്ങളുണ്ട്. ബിക്കാനീർ ഭൂമി ഇടപാട് കേസിൽ വാദ്രയ്ക്കൊപ്പം അമ്മയും ആരോപണവിധേയയാണ്.