plastic-botle

 പട്ടിക പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി:പരിസ്ഥിതിക്ക് ഹാനിയുണ്ടാക്കുന്നതും പുനരുപയോഗിക്കാൻ കഴിയാത്തതുമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒക്ടോബർ 2 മുതൽ രാജ്യത്ത് പൂർണമായി നിരോധിക്കും. ഈ ഉത്പന്നങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട കേന്ദ്രസർക്കാർ

സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി.

ഗാന്ധിജിയുടെ 150ാം ജയന്തിയായ ഒക്ടോബർ 2 മുതൽ പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് നിരോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റിൽ മൻകി ബാത്തിൽ പ്രഖ്യാപിച്ചിരുന്നു. പാർലമെന്റിലും വിവിധ കേന്ദ്ര മന്ത്രാലായങ്ങളിലും നിരോധനം നടപ്പാക്കുകയും ചെയ്‌തു. പാർലമെന്റിൽ പ്ലാസ്റ്റിക്ക് കുപ്പിവെള്ളവും പ്ലാസ്റ്റിക് കവറുകളും ഉൾപ്പെടെ പുനരുപയോഗിക്കാൻ കഴിയാത്ത സകല പ്ലാസ്റ്റിക് ഉത്പന്നങ്ങളും സ്പീക്കർ നിരോധിച്ചു. നിരോധന ലിസ്റ്റിലെ സാധനങ്ങളുടെ വിൽപ്പനയും ഉപയോഗവുമാണ് തടയുന്നത്. ഇവ വിറ്റാൽ പിഴയീടാക്കും.

നിരോധിച്ചവ

  1. 200 മില്ലി ലിറ്ററിന് താഴെയുള്ള കുപ്പിവെള്ളം
  2. പ്ലാസ്റ്റിക് കവറുകളിലുള്ള കുടിവെള്ളം
  3. പ്ലാസ്റ്റിക് ബാഗുകൾ
  4. ഡിസ്‌പോസിബിൾ തെർമോക്കോൾ കപ്പുകൾ, പ്ലേറ്റുകൾ, സ്ട്രാ

 നിരോധിക്കാത്തത്

  1. 200 മില്ലി ലിറ്ററിന് മുകളിലുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ
  2. ഗ്രോബാഗുകൾ
  3. 50 മൈക്രോണിന് മുകളിലുള്ള കയറ്റുമതിക്ക് ഉപയോഗിക്കുന്ന മികച്ച പ്ലാസ്റ്റിക്ക് കവറുകൾ
  4. ഗൃഹാവശ്യത്തിനുള്ള പ്ലാസ്റ്റിക് മഗ്, ബക്കറ്റ് തുടങ്ങിയവ
  5. ഷാംപൂ - എണ്ണ പാക്കറ്റുകൾ, ഭക്ഷ്യോത്പന്നങ്ങൾ വരുന്ന പാക്കറ്റുകൾ

പിഴ ഇങ്ങനെ:

ആദ്യ തവണ പിടിച്ചാൽ - 5,000 രൂപ

രണ്ടാം തവണ പിടിച്ചാൽ - 10,000 രൂപ

മൂന്നിൽ കൂടുതൽ തവണ ആവർത്തിച്ചാൽ - 25,000 രൂപയും മൂന്ന് മാസം തടവും

പ്രതിഷേധം

രാജ്യത്തെ നൂറുകണക്കിന് പ്ലാസ്റ്റിക് നിർമ്മാണ ഫാക്‌ടറികളിൽ പതിനായിരക്കണക്കിന്

തൊഴിലാളികളുണ്ട്. പ്ലാസ്റ്റിക് നിരോധിക്കുന്നതോടെ ഈ തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാകുമെന്ന് ഫാക്ടറി ഉടമകൾ പറയുന്നു.