marad-flat-

ന്യൂഡൽഹി : മരടിലെ ഫ്ലാറ്റുടമകൾക്ക് താത്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം നാലാഴ്ചയ്ക്കുള്ളിൽ നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടു. ഈ പണം പിന്നീട് ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്നും പ്രൊമോട്ടർമാരിൽ നിന്നും ഈടാക്കാമെന്നും ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഫ്ലാറ്റുകളുടെ മൂല്യം നിശ്ചയിച്ച് ബാക്കി നഷ്ടപരിഹാരം തീരുമാനിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി ഉൾപ്പെട്ട സമിതിയെയും നിയമിച്ചു.

കേസിൽ ബിൽഡർമാർക്കും പ്രൊമോട്ടർമാർക്കും നോട്ടീസ് അയച്ചു. നിർമ്മാതാക്കളുടെയും പാർട്ണർമാരുടെയും ഡയറക്ടർമാരുടേതുമടക്കമുള്ള സ്വത്തുവിവരങ്ങളും തേടി. സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാരിന് അവകാശമുണ്ട്.

പരിസ്ഥിതി ദുർബല പ്രദേശത്ത് നിർമ്മാണാനുമതി നൽകിയ പഞ്ചായത്തിലെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പങ്കും സമിതി അന്വേഷിക്കും. പഞ്ചായത്തും ബിൽഡർമാരുമായി ധാരണയുണ്ടാക്കിയെന്നും നിയമലംഘനത്തിന് ഇവരും ഉത്തരവാദികളാണെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

138 ദിവസം വേണമെന്ന് സർക്കാർ

നാലു ഫ്ലാറ്റുകളും പൊളിച്ച് അവശിഷ്ടങ്ങൾ നീക്കാൻ 138 ദിവസം വേണമെന്നും ഒക്ടോബർ 11ന് ആരംഭിച്ച് 2020 ഫെബ്രുവരി 9ന് പൂർത്തിയാക്കുമെന്നും സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. ഈ ഉറപ്പ് ഏഴ് ദിവസത്തിനുള്ളിൽ രേഖാമൂലം നൽകാൻ കോടതി നിർദ്ദേശിച്ചു. ഒക്ടോബർ 5ന് വീണ്ടും വാദം കേൾക്കും.

പൊളിക്കുന്നതിനുള്ള ചെലവ് മരട് മുനിസിപ്പാലിറ്റിയിൽ നിന്നു കൂടി ഈടാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.

ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ നിയമനടപടി തുടങ്ങിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. നിയമലംഘനങ്ങൾക്ക് കൂട്ടുനിന്നവർക്കെതിരെയും അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ട്. ഉത്തരവാദികളെ കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾക്കായി വിരമിച്ച ഒരു ഹൈക്കോടതി ജഡ്ജി, വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥൻ, സാങ്കേതിക വിദഗ്ദ്ധൻ എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.

ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും ചെലവഴിച്ചാണ് ഉടമകൾ ഫ്ലാറ്റുകൾ വാങ്ങിയതെന്ന് അവരുടെ അഭിഭാഷകൻ പിനാകി മിശ്ര ചൂണ്ടിക്കാട്ടി. താമസക്കാരിൽ 60 പേർ 90 കഴിഞ്ഞവരാണ്. അവർക്ക് ആശ്വാസം ലഭിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊളിക്കാൻ മൂന്നുമാസം

നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കുന്ന കമ്പനിക്കുള്ള ടെൻഡർ ഒക്ടോബർ 9ന് പൂർത്തിയാകും.

 11ന് ഫ്ലാറ്റുകൾ കമ്പനിക്ക് കൈമാറും.

താമസക്കാരെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവരെയും ഒഴിപ്പിക്കാൻ നാലു ദിവസം

നാലു ഫ്ലാറ്റുകളും പൊളിക്കാൻ 90 ദിവസം.

അവശിഷ്ടങ്ങൾ നീക്കാനും സ്ഥലം പൂർവസ്ഥിതിയിലാക്കാനും 30 ദിവസം.

വായുമലിനീകരണവും ശബ്ദമലിനീകരണവും ഉണ്ടാകുന്ന ഒരു കി.മീ ചുറ്റളവിലുള്ള 9,522 കെട്ടിടങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകും.