ന്യൂഡൽഹി: പി.എഫ്. പെൻഷൻ, വേതനത്തിന്റെ നിർവചനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവുകൾ കാറ്റിൽ പറത്തി പ്രോവിഡന്റ് ഫണ്ട് നിയമത്തിന്റെ കരട് ഭേദഗതി ബിൽ തയാറാക്കിയതിൽ വ്യാപക പ്രതിഷേധം.

തൊഴിലാളി പെൻഷൻ പദ്ധതിക്ക് പകരം (ഇ.പി.എസ്. ) ദേശീയ പെൻഷൻ പദ്ധതി (എൻ.പി.എസ്.) തിരഞ്ഞെടുക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയുള്ള കരടിനെതിരെയാണ് തൊഴിലാളി യൂണിയനുകൾ പ്രതിഷേധം ഉയർത്തുന്നത്.ഒപ്പം വേതനത്തിന്റെ നിർവചനം മാറ്റിയതും എതിർപ്പിന് കാരണമായി. കരട് ബിൽ ചർച്ചചെയ്യാൻ കഴിഞ്ഞ ദിവസം തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗംഗവാർ വിളിച്ച യോഗം ഇടത് ട്രേഡ് യൂണിയനുകൾ ബഹിഷ്‌കരിച്ചിരുന്നു. സർക്കാർ അനുകൂല സംഘടനയായ ബി.എം.എസ് പങ്കെടുത്തെങ്കിലും കരട് ഭേദഗതിയെ ശക്തമായി എതിർത്തു. ദേശീയ പെൻഷൻ പദ്ധതിയെക്കാളും മെച്ചപ്പെട്ടതാണ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയെന്ന് ഇ.പി.എഫ്.ഒ. തന്നെ 2015ൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയതാണ്.

സുപ്രീംകോടതി ഉത്തരവ് പ്രകാരം വീട്ടുവാടക, യാത്രാബത്ത, മറ്റലവൻസുകൾ, ബോണസ്, ഓവർ ടൈം, പി.എഫിലേക്കോ മറ്റേതെങ്കിലും ഫണ്ടിലേക്കോ തൊഴിലുടമ അടയ്ക്കുന്ന വിഹിതം, കമ്മിഷൻ, ഗ്രാറ്റിവിറ്റി,എക്‌സ്‌ഗ്രേഷ്യാ പേമെന്റ് തുടങ്ങിയവ വേതനത്തിന്റെ ഭാഗമാണ്. എന്നാൽ കരട് ഭേദഗതി പ്രകാരം വേതനമെന്നത് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും റീട്ടെയിനിംഗ് അലവൻസും (ഏതാനും തൊഴിൽ മേഖലയിൽ മാത്രം) മാത്രമായിരിക്കും.

ദേശീയ പെൻഷൻപദ്ധതിയോ പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയോ ഏതാണ് വേണ്ടതെന്ന് തൊഴിലാളിക്ക് തിരഞ്ഞെടുക്കാമെന്നാണ് കരടിലെ നിർദേശം. പ്രോവിഡന്റ് ഫണ്ടിലേക്ക് തൊഴിലാളി വേതനത്തിന്റെ പത്ത് ശതമാനം നിക്ഷേപിക്കുന്നുണ്ടെങ്കിൽ തൊഴിലുടമയും അത്രയും നിക്ഷേപിക്കും. സർക്കാർ നാലു ശതമാനം നൽകും. വിരമിക്കുമ്പോൾ ആകെ നിക്ഷേപത്തിന്റെ 60 ശതമാനം മാത്രം പിൻവലിക്കാം. ബാക്കി 40 ശതമാനം ഭാവിയിൽ പെൻഷനായി വിനിയോഗിക്കും.

യഥാർത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷന് എല്ലാ തൊഴിലാളികൾക്കും അർഹതയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് 2014ലെ ഇ.പി.എഫ്. ഭേദഗതിനിയമം കേരള ഹൈക്കോടതി റദ്ദാക്കിയത് സുപ്രീംകോടതി ശരിവച്ചിരുന്നു. അതിനെതിരായ പുനഃ പരിശോധനാഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസർക്കാർ കരട് ഭേദഗതിയുമായി രംഗത്തു വന്നത്.