iit

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ കോളേജുകളിലെ അദ്ധ്യാപക നിയമനം കരാറടിസ്ഥാനത്തിലേക്ക് മാറുന്നു. അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടുന്ന അദ്ധ്യാപകൻ ആദ്യ അഞ്ച് വർഷം പ്രൊബേഷനായി ജോലി ചെയ്യണം. ഇതിനിടെ കഴിവ് തെളിയിച്ചില്ലെങ്കിൽ പുറത്താക്കപ്പെടും. പ്രാഗല്ഭ്യം തെളിയിച്ചാൽ അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റത്തോടെ ജോലി സ്ഥിരപ്പെടുത്താനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം.

ആദ്യ ഘട്ടത്തിൽ രാജ്യത്തെ 233 ഐ.ഐ.ടികളിൽ ഇത് നടപ്പിലാക്കും. ശേഷം കേന്ദ്ര സർവകലാശാലകളിലും തുടർന്ന് യു.ജി.സിക്ക് കീഴിൽ വരുന്ന കോളേജുകളിലും നടപ്പിലാക്കാനാണ് തീരുമാനം. ആദ്യ അഞ്ച് വർഷത്തിനിടെ മൂന്നാം വർഷവും അഞ്ചാം വർഷവും ഓരോ പരീക്ഷകൾക്ക് അദ്ധ്യാപകർ വിധേയരാകണം. സർവകലാശാല നിയമിക്കുന്ന ഒരു കമ്മിറ്റിയാവും (എക്സ്റ്റേണൽ കമ്മിറ്റി) അദ്ധ്യാപകർ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുക.നിലവിൽ ഒരു വർഷത്തെ പ്രൊബേഷൻ കാലഘട്ടം കഴിയുന്നതോടെ ജോലി സ്ഥിരമാകുമായിരുന്നു.

നിർദേശം ഏഴാം

ശമ്പള കമ്മിഷന്റേത്

ജോലിയിലെ പ്രാഗല്ഭ്യം വിലയിരുത്താൻ കൃത്യമായ ഇടവേളകളിൽ പരീക്ഷകൾ നടത്തണമെന്നും, അല്ലാത്തവരെ പിരിച്ചു വിടണമെന്നും ഏഴാം ശമ്പള കമ്മിഷൻ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്.

നെറ്റ് അടക്കമുള്ള മത്സര പരീക്ഷകളിൽ വിജയിച്ചാണ് കോളേജ് അദ്ധ്യാപകർ ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ ഇവരിൽ 90 ശതമാനം പേർക്കും പ്രത്യേകം പരിശീലനം ലഭിക്കാത്തതിനാൽ അദ്ധ്യാപനത്തിൽ മികവ് പുലർത്താനാവുന്നില്ല. ഈ സാഹചര്യത്തിലാണ് മികവ് തെളിയിക്കുന്നവരെ മാത്രം സ്ഥിരം ജോലിയിൽ തുടരാൻ അനുവദിച്ചാൽ മതിയെന്ന തീരുമാനത്തിലെത്തിയത്.