ramana-

ന്യൂഡൽഹി : ആർട്ടിക്കിൾ 370 പിൻവലിച്ചതിലൂടെ ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികൾ പരിഗണിക്കാൻ ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് സുപ്രീംകോടതി രൂപം നൽകി. ഒക്ടോബർ ഒന്നിന് വാദം തുടങ്ങും.

സുപ്രീംകോടതിയിലെ മൂന്നാമത്തെ സീനിയർ ജഡ്‌ജിയാണ് എൻ.വി. രമണ. ബെഞ്ചിലെ മറ്റ് ജഡ്‌ജിമാർ ആരൊക്കെയെന്ന് വ്യക്തമായിട്ടില്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും രണ്ടാമത്തെ സീനിയർ ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയും അയോദ്ധ്യ ബെഞ്ചിന്റെ ഭാഗമാണ്. അയോദ്ധ്യ കേസ് ഒക്‌ടോബർ 18 വരെയെങ്കിലും നീളും.

കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. ഈ ഹർജികൾ ഒക്ടോബറിൽ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ച് ആഗസ്റ്റ് 28ന് അറിയിച്ചിരുന്നു. അന്ന് തന്നെ നിലപാടറിയിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നു.

നാഷണൽ കോൺഫറൻസ് എം.പിമാരായ മുഹമ്മദ് അക്ബർ ലോൺ, ഹസ്‌നൈൻ മസൂദി, ജമ്മു കാശ്‌മീർ മദ്ധ്യസ്ഥൻ രാധ കുമാർ, ജമ്മു കാശ്‌മീർ മുൻ ചീഫ് സെക്രട്ടറി ഹിന്ദൽ ഹൈദർ തായബ്‌ജി, റിട്ടയേർഡ് എയർ വൈസ് മാർഷൽ കപിൽ കാക്ക്, 1965 ലേയും 71 ലേയും യുദ്ധങ്ങളിൽ പങ്കെടുത്ത റിട്ട.മേജർ ജനറൽ അശോക് കുമാർ മെഹ്, മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള തുടങ്ങിയവരാണ് ഹർജിക്കാർ.